Kerala

മന്ത്രവാദത്തിന്റെ പേരിൽ തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും പത്ത് പവനും: കേസെടുത്തതോടെ മന്ത്രവാദിനിയായ യുവതി ഒളിവിൽ

ആറ്റിങ്ങൽ: മന്ത്രവാദത്തിന്റെ പേരിൽ യുവതി തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും പത്ത് പവനും. മന്ത്രവാദിനിയായ ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആർ. രമ്യക്കെതിരെയാണ് അ‍ഞ്ചുപേർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വീടുകളിൽ ദുർമരണങ്ങൾ നടക്കുമെന്നും അത് ഒഴിവാക്കാൻ മന്ത്രവാദം നടത്തണമെന്നും പറഞ്ഞായിരുന്നു രമ്യയുടെ തട്ടിപ്പ്.

മടവൂർ കുടവൂർ കോളിച്ചിറകൊച്ചാലുംമൂട് വീട്ടിൽ ശാന്ത, നാണി, ലീല, ഊന്നിൻമൂട് കിഴക്കുംപുറം ലക്ഷം വീട്ടിൽ ഓമന, ആറ്റിങ്ങൽ കിഴക്കുംപുറം സതീഷ് ഭവനിൽ ബാബു എന്നിവർക്കാണ് പണം നഷ്ടമായത്.തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സമീപവാസികൾ പറഞ്ഞാണ് ശാന്ത രമ്യയെക്കുറിച്ച് അറിയുന്നത്. ശാന്തയുടെ വീട്ടിൽ കുറച്ചുദിവസം താമസിക്കാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് രമ്യയുടെ തട്ടിപ്പിന്റെ തുടക്കം. താൻ മന്ത്രവാദിനിയാണെന്നും പരിസരവാസികളുടെ വീടുകളിൽ ദുർമരണങ്ങൾ നടക്കുമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. അത് ഒഴിവാക്കാൻ മന്ത്രവാദം നടത്താമെന്നും എത്രയും പെട്ടെന്ന് പണം കണ്ടെത്തണമെന്നും വീട്ടുകാരോട് രമ്യ ആവശ്യപ്പെട്ടു. ഉടൻ പണമില്ലാത്ത ചിലർ വളർത്തുമൃഗങ്ങളെ വിറ്റ് പണം സ്വരൂപിച്ചു. ഇവരിൽനിന്ന് രമ്യ പണം വാങ്ങി.

ഇതിനിടെ സ്വന്തം ആവശ്യത്തിന് ഒരാഴ്ചത്തേക്ക് പണയംവയ്ക്കാനെന്ന വ്യാജേന ഓമനയുടെ മൂന്നര പവന്റെ മാലയും മറ്റുള്ളവരിൽ നിന്ന് മോതിരവും കമ്മലുകളും കൈക്കലാക്കി.പൂജയ്ക്കായി രമ്യ അഞ്ചുപേരെയും തമിഴ്‌നാട്ടിലെ ആറ്റിൻകര പള്ളിയിൽ എത്തിച്ചു. പൂജ നടക്കാതെ വന്നതോടെ അഞ്ചംഗ സംഘം നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ ശേഷം രമ്യയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ പരിധിക്ക് പുറത്തായിരുന്നു.

ഇതോടെയാണ് മന്ത്രവാദിനിയായ യുവതിയെ കുറിച്ച് അ‍ഞ്ചുപേർക്കും സംശയങ്ങൾ ഉടലെടുക്കുന്നത്. ഇതോടെ രമ്യക്കെതിരെ ഇരകൾ പരാതി നൽകുകയായിരുന്നു. അ‍ഞ്ചുപേരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. രമ്യ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓമനയുടെ മാല കിളിമാനൂരിനു സമീപത്തെ ജുവലറിയിൽ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button