ഗ്രേറ്റര്‍ നോയിഡ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമ വെടിയേറ്റ് മരിച്ചു. ദില്ലി ഗ്രേറ്റര്‍ നോയിഡയിലെ ‘മിത്ര’ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിനകത്ത് ഹോട്ടല്‍ നടത്തുകയായിരുന്ന സുനില്‍ അഗര്‍വാള്‍ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയെന്നാരോപിച്ച് ഡെലിവറി ബോയും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇവര്‍ക്കിടയിലേക്ക് കയറിവന്ന ഹോട്ടലുടമ ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമം നടത്തി. എന്നാല്‍ വാക്കുതര്‍ക്കം കയ്യേറ്റമാകുകയായിരുന്നു. ഇതോടെ ഡെലിവറി ബോയ് സുനിലിന് നേരെ വെടിയുതിര്‍ത്തതായാണ് പൊലീസിന്റെ നിഗമനം. തലയ്ക്ക് വെടിയേറ്റ സുനിലിനെ വൈകാതെ ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം തര്‍ക്കത്തില്‍ മറ്റ് രണ്ട് പേര്‍ കൂടി ഇടപെട്ടിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. അതുകൊണ്ട് ആരാണ് വെടിയുതിര്‍ത്തത് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നത്.
Post Your Comments