
കാബൂള്‍ : ഐഎസ്-കെയുമായി(ഇസ്ലാമിക് സ്‌റ്റേറ്റ്-ഖൊരാസന്‍ പ്രൊവിന്‍സ്) ബന്ധമുള്ള ഇന്ത്യന്‍ പൗരന്മാര്‍ അഫ്ഗാനിസ്താനില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയില്‍ ചേരാന്‍ രാജ്യം വിട്ട് പോയ ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്‍ സൈന്യം പിടികൂടിയിരുന്നു. എന്നാല്‍ താലിബാന്‍ രാജ്യം പിടിച്ചടക്കിയതോടെ ജയിലിലായിരുന്ന ഇവരെ മോചിപ്പിച്ചു. ഇത്തരത്തില്‍ ജയില്‍ മോചിതരായ 25 പേരെയാണ് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്.
ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവിയായിരുന്ന ആമിന്‍ അല്‍ ഹഖിന്റെ ജന്മസ്ഥലത്തിനു സമീപം ഇവര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. ഇന്ത്യയില്‍ കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ഐജാസ് അഹാങ്കാര്‍ എന്ന ഭീകരനെയും താലിബാന്‍ ജയില്‍ മോചിതമാക്കിയിരുന്നു. ഐഎസ്-കെ റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്നയാളാണിത്. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായ മുന്‍സിബിനെയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിന് സജീവമായി നേതൃത്വം നല്‍കുന്നതായാണ് വിവരം.
read also: അഫ്ഗാനിലെ ഐഎസ്-കെ ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ തയാറായി യുകെ, ഭീകരർ എണ്ണത്തിൽ കുറവ്
പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അഫ്ഗാന്‍ പ്രദേശമായ നാന്‍ഗാര്‍ഹാര്‍ മേഖലയില്‍ ഇവര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നു. അഫ്ഗാനിലെ ജയിലുകള്‍ താലിബാന്‍ തകര്‍ത്തതോടെ ആയിരക്കണക്കിന് ഐഎസ്-കെ ഭീകരര്‍ മോചിക്കപ്പെട്ടതായാണ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരം. ഏകദേശം 1400 ഐഎസ്-കെ ഭീകരരാണ് അഫ്ഗാന്‍ ജയിലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 300 പാക് ഭീകരരും ചൈനക്കാരും ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു എന്നാണ് വിലയിരുത്തല്‍.
Post Your Comments