കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,000 പേര്‍ കൊല്ലപ്പെടുകയും 9,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ വക്താവ് അറിയിച്ചു. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനങ്ങളിലൊന്നാണ് ശനിയാഴ്ച ഉണ്ടായത്.
Read Also; ആലിംഗനത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ നിരവധി പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹെറാത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയം വക്താവ് അബ്ദുല്‍ വാഹിദ് റയാന്‍ പറഞ്ഞു. ആറോളം ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും നൂറുകണക്കിന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
465 വീടുകള്‍ പൂര്‍ണ്ണമായി തകരുകയും, 135 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തി.
മരണസംഖ്യ ഇനിയും ഉയരുമെന്ന് ദേശീയ ദുരന്ത അതോറിറ്റി വക്താവ് പ്രതികരിച്ചു. പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയില്‍ ഏഴോളം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നല്‍കുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.
Post Your Comments