കാബൂള്‍: താലിബാന്‍ ക്രൂരതയില്‍നിന്നും പട്ടിണിയില്‍നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന മാനസികനിലയിലാണ് അഫ്ഗാന്‍ ജനത എന്ന് റിപ്പോര്‍ട്ട്. സര്‍വതും പിന്നിലുപേക്ഷിച്ച് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞദിവസം കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തിയത്.
Read Also: തുര്‍ക്കി-സിറിയ ഭൂകമ്പം: മരണം 20000 കടന്നു
തുര്‍ക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ തുര്‍ക്കിയിലേക്ക് വിമാനങ്ങള്‍ പുറപ്പെടുന്നുവെന്ന കിംവദന്തി പ്രചരിച്ചതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് അഫ്ഗാനികള്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഓടികൂടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊടും തണുപ്പിലും ഇരുട്ടിലും കാല്‍നടയായി വിമാനത്താവളത്തിലേക്ക് ആളുകള്‍ ഓടിയെത്തുകയായിരുന്നു.
ബാഗേജുകളൊന്നുമില്ലാതെയാണ് ജനം കൂട്ടത്തോടെ ഓടിയെത്തിയത്. വിമാനത്താവള സുരക്ഷാ സേന ഇവരെ തടയുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഉന്തും തള്ളിലും നിരവധി പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. താലിബാന്‍ സര്‍ക്കാര്‍ തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിംവദന്തി പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യം വിടാനുള്ള ശ്രമത്തിലാണ് ജനം. ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴിലില്ലായ്മ നേരിടുന്നു. 40 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ പകുതിയോളം പേരും പട്ടിണിയിലാണെന്നാണ് കണക്ക്.
Post Your Comments