ലണ്ടൻ: ഈജിപ്ഷ്യൻ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലയെ അടുത്താഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് വിട്ടു നൽകില്ലെന്ന് ഇംഗ്ലീഷ് ക്ലാബായ ലിവർപൂൾ. കോവിഡ് സാഹചര്യത്തിൽ ലണ്ടനിൽ നിലനിൽക്കുന്ന ക്വാറന്റൈൻ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടിന് അംഗോളക്കെതിരെ കെയ്റോയിൽ നടക്കുന്ന ഹോം മാച്ചാണ് ഈജിപ്തിന്റെ അടുത്ത മത്സരം.
നിലവിൽ യുകെ സർക്കാർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഈജിപ്ത്. ഇത്തരം രാജ്യങ്ങളിൽ നിന്നെത്തുന്നവർ യുകെയിൽ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. ഇതോടെയാണ് താരത്തെ ഈജിപ്തിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ക്ലബ് എത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ സെപ്തംബർ അഞ്ചാം തീയതി ഗാബോണിനെതിരെ നടക്കുന്ന മത്സരത്തിനായി താരത്തെ വിട്ടു നൽകുന്നതിൽ ക്ലബ്ബിന് വിരോധമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുകെയുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ബ്രസീലിന്റെ താരങ്ങളായ അലിസൺ ബെക്കർ, ഫാബിനോ, ഫിർമിനോ എന്നീ താരങ്ങൾക്കുമേലും സമാന നിയന്ത്രണങ്ങളുണ്ട്.
Post Your Comments