NattuvarthaLatest NewsKeralaNewsIndia

അയ്യങ്കാളിയുടെ ചരിത്രം വഴി കാട്ടും, അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം പകരും: അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ച് സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം

തിരുവനന്തപുരം: മഹാത്മാ അയ്യന്‍കാളിയുടെ 158 ആം ജന്മദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ പങ്കുവച്ചത്. അയ്യങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും, അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം പകരുമെന്ന് മുഖ്യമന്ത്രി പറയുന്നു. ജാതീയതയും വര്‍ഗീയതയും സാമ്പത്തികാസമത്വവും നാടിന്റെ പുരോഗതിയ്ക്കും ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിനും ഇന്നും വെല്ലുവിളികളാണെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

‘മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങള്‍ നേരിട്ട അനീതികള്‍ക്കെതിരെ അദ്ദേഹം നേതൃത്വം നല്‍കിയ ഐതിഹാസികമായ സമരങ്ങള്‍ കേരള ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ നേരിടുന്ന ഓരോ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തി. വില്ലുവണ്ടി സമരവും, കല്ലുമാല സമരവും എല്ലാം നമ്മുടെ നവോത്ഥാനപ്രസ്ഥാനത്തിന് ഊര്‍ജ്ജവും പ്രചോദനവും നല്‍കി’യെന്നും മന്ത്രി കുറിയ്ക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം.

മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസികമായ സമരങ്ങൾ കേരള ചരിത്രത്തിൻ്റെ ഗതി മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമർത്തപ്പെട്ട മനുഷ്യർ നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയർത്തി. വില്ലുവണ്ടി സമരവും, കല്ലുമാല സമരവും എല്ലാം നമ്മുടെ നവോത്ഥാനപ്രസ്ഥാനത്തിന് ഊർജ്ജവും പ്രചോദനവും നൽകി.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങൾക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു. കൂലി നിഷേധിക്കപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വർഗചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. അത്തരത്തിൽ ഒരു സമൂഹമെന്ന നിലയ്ക്ക് നാമിന്ന് അഭിമാനം കൊള്ളുന്ന നിരവധി നേട്ടങ്ങളിൽ അയ്യങ്കാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ജാതീയതയും വർഗീയതയും സാമ്പത്തികാസമത്വവും നാടിൻ്റെ പുരോഗതിയ്ക്കും ജനങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തിനും ഇന്നും വെല്ലുവിളികളാണ്. അവയെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ നിലവിൽ നമ്മൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനായി കൃത്യമായ രാഷ്ട്രീയ ബോധ്യമുൾച്ചേർന്ന സംഘടിതമായ മുന്നേറ്റമുണ്ടായേ തീരൂ. അത്തരമൊരു മുന്നേറ്റത്തിൽ അയങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും. അദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനം പകരും. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button