തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ അവധിദിനങ്ങള്‍ കാരണം കോവിഡ് പരിശോധനയും വാക്സിനേഷനും വെട്ടിക്കുറച്ചു. ഇത് വലിയൊരു അപകടത്തിലേക്കാണ് കേരളത്തെ നയിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടും നടപടികളെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. രോഗസ്ഥിരീകരണ നിരക്കും രോഗികളുടെ എണ്ണവും കുറയാത്ത സാഹചര്യം മുന്‍നിര്‍ത്തി പരിശോധന കൂട്ടണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും ബദല്‍ ക്രമീകരണങ്ങൾ ഒന്നും തന്നെ കൈക്കൊള്ളാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
പരിശോധനകൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ് നിലവിൽ കേരളത്തിൽ കോവിഡ് രോഗികൾ കുറഞ്ഞിരിക്കുന്നത്. എന്നാൽ പരിശോധന ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായതോടെ ജൂലൈയില്‍ ഏതാനും ദിവസങ്ങളില്‍ മാത്രം രണ്ടുലക്ഷം പേരെ പരിശോധിച്ചിരുന്നു. അതിനെത്തുടര്‍ന്ന് നിരവധി രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ സാധിച്ചിട്ടുമുണ്ട്.
ഞായറാഴ്ച 63,406 പരിശോധനകള്‍ മാത്രമാണ് നടന്നത്. രോഗസ്ഥിരീകരണ നിരക്കാകട്ടെ 16.41 ശതമാനവും. ശനിയാഴ്ച 96,481 പരിശോധനകള്‍ നടന്നപ്പോള്‍ രോഗസ്ഥിരീകരണ നിരക്ക് 17.73 ലേക്ക് കുതിച്ചു. 1,99,500 പരിശോധനകളാണ് സമീപദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണക്ക്. അന്നത്തെ രോഗസ്ഥിരീകരണ നിരക്ക് ആകട്ടെ 11.87 ശതമാനവും. ടെസ്റ്റുകളിലും വാക്സിനേഷനിലും ഇനിയെങ്കിലും സർക്കാർ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ സംസ്ഥാനം നേരിടേണ്ടി വരിക വലിയൊരു അപകടത്തെയാണ് എന്നതിൽ സംശയമേതുമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments