KeralaLatest NewsNews

സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലെങ്കില്‍ അത് വലിയ നന്ദികേടാകും : ജോമോള്‍ ജോസഫ്

അദ്ദേഹത്തിന്റെ ആ സന്മനസ്സിന് നന്ദി പറഞ്ഞാലും തീരില്ല

തിരുവനന്തപുരം: രാഷ്ട്രീയം നോക്കാതെയുള്ള സുരേഷ് ഗോപി എംപിയുടെ സഹായങ്ങളെ കുറിച്ച് ആക്ടിവിസ്റ്റും ഇടതുപക്ഷ ചിന്താഗതിക്കാരിയുമായ ജോമോളിന്റെ കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ സുരേഷ് ഗോപിയെ നിരന്തരം പരിഹസിച്ചിരുന്ന ജോമോളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നല്ല മനസിനെ ഉയര്‍ത്തിക്കാട്ടുന്നത്. ആപത്ത്ഘട്ടത്തില്‍ കൊടിയുടെ നിറം നോക്കാതെ ദിവസങ്ങളോളം ബുദ്ധിമുട്ടി സുരേഷ് ഗോപി സാഹയമെത്തിച്ചതോടെ ജോമോളും താരത്തെക്കുറിച്ചുള്ള അഭിപ്രായം തിരുത്തുകയാണ്. സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലെങ്കില്‍ അത് നീതികേടാകുമെന്ന തലക്കെട്ടിലാണ് ജോമോള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

Read Also : ഇത് കേട്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നുന്നു: സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുള്ള ചോദ്യത്തെ പരിഹസിച്ച് താലിബാൻ

ഇടത് അനുഭാവിയുമായ ജോമോള്‍ ജോസഫിന്റെ സുഹൃത്തും ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ മുന്‍ ഭര്‍ത്താവുമായ മനോജ് ശ്രീധറിന് പഞ്ചാബില്‍ വെച്ച് അപകടം സംഭവിച്ചപ്പോള്‍ സുരേഷ് ഗോപി ചെയ്തു നല്‍കിയ സഹായങ്ങള്‍ നന്ദിയോടെ സ്മരിക്കുകയാണ് ജോമോള്‍ ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേല്‍ നീതികേടാകും..

‘ ജൂലൈ 31 ന് വൈകുന്നേരമാണ് ഞങ്ങളുടെ കൂടപ്പിറപ്പായ സുഹൃത്തിന് പഞ്ചാബില്‍ വെച്ച് അപകടം ഉണ്ടാകുന്നത്. അന്ന് രാത്രിയില്‍ തന്നെ പലരും ഞങ്ങള്‍ക്ക് മെസ്സേജ് അയച്ചിരുന്നു എങ്കിലും മെസ്സഞ്ചര്‍ സ്ഥിരമായി നോക്കാറില്ലാത്തതിനാല്‍ ആഗസ്റ്റ് ഒന്നാം തീയതി രാവിലെ മാത്രമാണ് ഞങ്ങള്‍ വിവരം അറിയുന്നത്. ആദ്യം തന്നെ പഞ്ചാബില്‍ airforce ഉദ്യോഗസ്ഥനായ ഞങ്ങളുടെ കോമണ്‍ സുഹൃത്ത് Abhijith Sreekumar നെ വിളിക്കുകയും അദ്ദേഹം 100 കിലോമീറ്റര്‍ മാത്രം ദൂരത്തുണ്ട് എന്നും, രാവിലെ 9 മണിക്ക് ഡ്യൂട്ടിയില്‍ നിന്നും ഇറങ്ങിയാല്‍ നേരെ ഹോസ്പിറ്റലിലേക്ക് പോകും എന്നും അറിയിച്ചു .

Unknown patient ആയി അതീവ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ എത്തിയ സുഹൃത്തിന് മികച്ച ചികിത്സ ഉറപ്പുവരുത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിനായി ആരെ ഇടപെടീക്കും എന്ന ചിന്ത ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചത് DYFI യുടെ അഖിലെന്ത്യാ നേതാവായ മുഹമ്മദ് റിയാസിലേക്കും രാജ്യസഭാ MP ആയ സുരേഷ് ഗോപിയിലേക്കും ആണ് .

മുഹമ്മദ് റിയാസിനെ വിളിച്ചു, കിട്ടാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള രഞ്ജിത്തിനെ ബന്ധപ്പെടുകയും, ഓഫീസില്‍ നിന്നും കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്തു.

ഇടയ്ക്കിടെ നമ്പര്‍ മാറ്റുന്ന സുരേഷ് ഗോപിയുടെ നമ്പര്‍ കണ്ടെത്തുകയായിരുന്നു ശ്രമകരം. അമ്മ ഭാരവാഹികള്‍ക്ക് പോലും പുതിയ നമ്പര്‍ അറിയില്ലായിരുന്നു. പലരെയും ബന്ധപ്പെട്ടു, അവസാനം ഒരു മാധ്യമ പ്രവര്‍ത്തകനില്‍ നിന്നാണ് അദ്ദേഹത്തിന്റെ നമ്പര്‍ ലഭിച്ചത്. പലതവണ പല സമയങ്ങളിലായി വിളിച്ചിട്ടും എടുക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ നമ്പറിലേക്ക് വാട്‌സാപ്പ് മെസ്സേജ് ആയി കാര്യങ്ങള്‍ അറിയിച്ചു. 10 മിനിറ്റിനുള്ളില്‍ അദ്ദേഹം മെസ്സേജ് റീഡ് ചെയ്യുകയും ഉണ്ടായി. എന്നാല്‍ പിന്നീട് രണ്ടു ദിവസമായിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം യാതൊരു ഇടപെടലും നടത്തിയില്ല എന്ന് എനിക്ക് പോസ്റ്റിടേണ്ടി വന്നത് .

എന്നാല്‍ മൂന്നാം ദിവസം മുതല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും മുരളിചേട്ടന്‍ ഞങ്ങളെ ബന്ധപ്പെടാനും, ഹോസ്പിറ്റലിലെ കാര്യങ്ങള്‍ ഞങ്ങളെ അപ്‌ഡേറ്റ് ചെയ്യാനും തുടങ്ങി. ഞങ്ങളുടെ സുഹൃത്തിന്റെ ജീവന് യാതൊരു അപകടവും ഇല്ല, അപകട നില തരണം ചെയ്തു എന്ന് ഹോസ്പിറ്റലുകാര്‍ ഔദ്യോഗികമായി MP ആയ സുരേഷ് ഗോപിക്ക് ഇമെയില്‍ അയച്ച വിവരവും ഞങ്ങളെ അപ്‌ഡേറ്റ് ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ഓഫീസിലെ മുരളിചേട്ടന്‍ ഒരു വിളിപ്പുറത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു’ .

ഇതിനു മുന്‍പും ദേശീയ നേതാക്കളില്‍ നിന്നും ഞങ്ങള്‍ സഹായം തേടുകയും അവര്‍ സഹായിക്കുകയും ചെയ്തിട്ടുമുണ്ട് .

2016/ 17 ല്‍ ആണ് ഞങ്ങളുടെ സുഹൃത്തിന്റെ പെങ്ങളുടെ മകന്‍ എറണാകുളത്തുനിന്നും ഹിമാലയത്തിലേക്ക് ബുള്ളറ്റ് റൈഡ് പോകുന്നത്. ദില്ലിയില്‍ നിന്നും ഹിമാലയത്തിലേക്ക് പുറപ്പെട്ട് കശ്മീര്‍ മഞ്ഞുമലകളിലൂടെ അയാള്‍ യാത്ര ചെയ്യുമ്പോള്‍ ആണ് കൊച്ചിയിലെ വീട്ടില്‍ വെച്ച് അറ്റാക്ക് വന്ന് അയാളുടെ പിതാവ് മരണപ്പെടുന്നത്. അയാളെയോ കൂടെയുള്ളവരെയോ മൊബൈലില്‍ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ അയാളുടെ ബന്ധുക്കള്‍ ഞങ്ങളെ വിവരം അറിയിച്ചു.

അയാള്‍ ഉള്ള സ്ഥലം കാശ്മീര്‍ ആയതുകൊണ്ട് ആദ്യം മനസ്സിലേക്കെത്തിയ പേര് മേജര്‍ രവിയുടെ ആയിരുന്നു. അദ്ദേഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചു, അടുത്തതായി ഞങ്ങള്‍ ബന്ധപ്പെട്ടത് അന്നത്തെ ബിജെപി കേരള അധ്യക്ഷനായ കുമ്മനം രാജശേഖരനെ ആണ്. ഇവര്‍ രണ്ടുപേരും ഇടപെടല്‍ നടത്തി, പക്ഷെ കൃത്യമായും ആ വ്യക്തിയെ കണ്ടെത്താന്‍ താമസം വന്നു. ആ സാഹചര്യത്തിലാണ് MP ആയ എംബി രാജേഷിനെ ഞങ്ങള്‍ ബന്ധപ്പെടുന്നത്’ .

രാജേഷുമായി സംസാരിച്ചപ്പോള്‍ കശ്മീരിലെ യുവജന സംഘടനാ നേതാവിന്റെ നമ്പര്‍ തരികയും, അദ്ദേഹത്തെ രാജേഷ് നേരിട്ട് വിളിച്ചു പറയുകയും ഞങ്ങളോട് നേരിട്ട് വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വാട്‌സാപ്പും സോഷ്യല്‍ മീഡിയയും ബാന്‍ ആയ കാശ്മീരില്‍ ഇമെയില്‍ മാത്രമാണ് ഡീറ്റെയില്‍സ് എത്തിക്കാന്‍ പോംവഴി എന്ന് പറഞ്ഞ അദ്ദേഹം അന്ന് ഇമെയില്‍ ഐഡിയിലേക്ക് ഡീറ്റെയില്‍സ് അയച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ കണ്ടെത്തേണ്ട ആളുടെ പേരും, ഫോട്ടോയും ബാക്കി ഡീറ്റൈല്‍സും ഞങ്ങള്‍ ഇമെയില്‍ ചെയ്തു.

അവര്‍ ബൈക്ക് റൈഡ് പോയ അദ്ദേഹം റൂട്ട് കണ്ടത്തി, അയാളുടെ ഫോട്ടോ A4 ഷീറ്റില്‍ പ്രിന്റ് ചെയ്തതുമായി ഓരോ പോസ്റ്റിലും യുവജന സംഘടനാ പ്രവര്‍ത്തകരെ നിര്‍ത്തുകയും, 2 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തകര്‍ക്ക് ആളെ കണ്ടെത്താന്‍ സാധിക്കുകയും ചെയ്തു. രാത്രി പത്തുമണിയോടെ ആളെ നേതാവിന്റെ അടുത്തെത്തിക്കുകയും, അദ്ദേഹം തന്നെ സ്വന്തം പണമെടുത്ത് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത്, രാവിലത്തെ ഫ്‌ളൈറ്റില്‍ അയാളെ കൊച്ചിക്ക് കയറ്റിവിടുകയും ചെയ്യുകയും, അയാള്‍ക്ക് അയാളുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുകയും ചെയ്തിരുന്നു .

ഇനിയും ആളുകള്‍ക്ക് ആവശ്യം വന്നാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന് നോക്കാതെ ആ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്ന ആളെന്ന് ഞങ്ങള്‍ക്ക് ബോധ്യമുള്ളവരെ ഞങ്ങള്‍ ബന്ധപ്പെടും. ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ, വ്യക്തിപരമായ കാര്യങ്ങള്‍ക്കോ വേണ്ടിയായിരിക്കില്ല ഇത്തരത്തിലുള്ള ഒരു ഫോണ്‍ കാള്‍ പോലും. രാഷ്ട്രീയം എന്നത് ജനങ്ങള്‍ക്ക് വേണ്ടിയും നാടിനു വേണ്ടിയും ആണ് എന്ന ഉത്തമ ബോധ്യം ഉള്ളിടത്തോളം കാലം ഞങ്ങളുടെ ഈ നിലപാടിന് യാതൊരു മാറ്റവും ഉണ്ടാകില്ല .

സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, ICU, Ventelator ചാര്‍ജ്ജുകളില്‍ നല്ല ഇളവ് ലഭിക്കാനും സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്റെ ഇടപെടല്‍ മൂലം സാധിച്ചു എന്നറിയുമ്പോള്‍ വലിയ സന്തോഷം . കേവലം നന്ദി വാക്കുകളാല്‍ സുരേഷ് ഗോപിയുടെ ഇടപെടലിനെ ചെറുതാക്കി കാണിക്കുന്നില്ല, അദ്ദേഹത്തെ ഞങ്ങള്‍ മനസ്സോട് ചേര്‍ക്കുന്നു’ . എന്ന് പറഞ്ഞു കൊണ്ടാണ് ജോമോള്‍ ജോസഫ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button