COVID 19MollywoodLatest NewsKeralaCinemaNewsEntertainment

‘തക്കിട തരികിട യേശു’വിനെ ഓർമയില്ലേ? – ഈശോ വിവാദങ്ങൾക്കിടയിൽ സംവിധായകൻ മനീഷ് കുറുപ്പിന് പറയാനുള്ളത്

നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയെ ചൊല്ലിയുള്ള ചേരിതിരിഞ്ഞ വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. സിനിമയുടെ പേരിനെ ചൊല്ലിയുള്ള ക്രിസ്ത്യൻ സംഘടനകളുടെയും പി സി ജോർജിനെ പോലുള്ളവരുടെ ഭീഷണികളും സിനിമാ പ്രവർത്തകർ ഗൗരവമായി കാണുകയാണ്. നാദിർഷായുടെ ‘ഈശോയ്ക്ക്’ പിന്തുണ പ്രഖ്യാപിച്ച് ഫെഫ്കയും സിനിമാ താരങ്ങളും രംഗത്ത് വന്നു. സിനിമയെ വർഗീയവത്കരിക്കാൻ സമ്മതിക്കില്ലെന്നാണ് ഇവർ പറയുന്നത്. ഒരു പേരിനെ ചൊല്ലി ഉണ്ടായ വിവാദങ്ങളിൽ നാദിർഷയെയും ‘ഈശോ’ എന്ന ചിത്രത്തെയും സംരക്ഷിക്കുന്ന സിനിമാ മേഖലയും സിനിമാ ആസ്വാദകരും പക്ഷെ ‘വെള്ളരിക്കാപ്പട്ടണം’ എന്ന കൊച്ചു ചിത്രത്തിന് നേരെയുണ്ടായ വിവാദങ്ങളിലോ ബഹിഷ്കരണ പ്രഖ്യാപനങ്ങളിലോ തലയിട്ടില്ല.

മനീഷ് കുറുപ്പ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വെള്ളരിക്കാപ്പട്ടണം’. 2018 ൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്. ‘യേശു’ വിവാദത്തിൽ ‘വെള്ളരിക്കാപ്പട്ടണത്തിന്റെ’ അണിയറ പ്രവർത്തകരും പ്രതിസന്ധിയിലായിരിക്കുകയാണ്. 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും അതിലെ ചില വരികളും സോഷ്യൽ മീഡിയകളിൽ ഹിറ്റായിരുന്നു. കരോളിനെത്തുന്ന കുട്ടികളുടെ കുസൃതിയെന്ന രീതിയിൽ അവതരിപ്പിച്ച ചില വരികളായിരുന്നു അന്ന് സോഷ്യൽ മീഡിയകളിൽ ഹിറ്റായി നിന്നിരുന്നത്. 2018 ൽ പുറത്തിറങ്ങിയ ടീസറിലെ ആ വരികൾ ഇന്നും മലയാളികളുടെ ഇഷ്ടവരികളിൽ ഒന്നാണ്.

Also Read:അമിത വിയർപ്പിന് ചെറു നാരങ്ങ

‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു, വീരൻപടയുടെ വെൻമുടിയേറ്റി കൊട്ടിക്കേറും യേശു’ എന്ന് തുടങ്ങുന്ന വരികൾ കേട്ട് ചിരിക്കാത്തവരില്ല. നരൻ എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനത്തിലെ വരികളുടെ പാരഡിയെന്ന തരത്തിലായിരുന്നു ‘വെള്ളരിക്കാപ്പട്ടണത്തിൽ’ ഈ വരികൾ ഉൾപ്പെടുത്തിയത്. എന്നാൽ, ടീസറും അതിലെ ‘യേശു’ എന്ന വരികളും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും സംവിധായകനും സമ്മാനിച്ചത് ഭീഷണി കോളുകളായിരുന്നു. പെന്തക്കോസ് വിഭാഗങ്ങളിൽ പെട്ടവരിൽ നിന്ന് വരെ തനിക്ക് ഭീഷണി കോളുകൾ വന്നിരുന്നതായി സംവിധായകൻ മനീഷ് കുറുപ്പ് ഈസ്റ്റ് കോസ്റ്റ് ഓൺലൈനോട് വെളിപ്പെടുത്തി.

വൈറലായ വരികൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകളായിരുന്നു സംവിധായകന് വന്നിരുന്നത്. ക്രിസ്തുമസ് സമയങ്ങളിലും അല്ലാതെയും സോഷ്യൽ മീഡിയകളിൽ ഈ ഗാനം വൈറലാകുന്ന ഓരോ അവസരങ്ങളിലും സംവിധായകന് പലയിടങ്ങളിൽ നിന്നായി ഭീഷണി കോളുകൾ വന്നിരുന്നു. കോവിഡ് മൂലവും മറ്റ് പ്രതിസന്ധികളിൽ പെട്ടും നീണ്ടുപോയ ചിത്രം വരുന്ന സെപ്തംബറിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഇതിനിടയിലാണ് ‘ഈശോ’ വിവാദവും തലപൊക്കുന്നത്.

Also Read:‘വടക്കുംനാഥ സൗന്ദര്യവത്ക്കരണം’ ദേവസ്വം ബോർഡിനെതിരെ ആശങ്ക ഉയര്‍ത്തി ഹൈന്ദവ സംഘടനകള്‍

നാദിർഷ ചിത്രത്തിന്റെ ‘ഈശോ’ എന്ന പേരിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ തങ്ങളുടെ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിലെ ‘തക്കിട തരികിട യേശു’ എന്ന വരികളിൽ പിടിച്ചുകയറി ഈ ചിത്രത്തിന് നേരെയും ആക്ഷേപം ഉയരുകയാണ്. യേശുവിനെ ‘തക്കിട തരികിട’ എന്നൊക്കെ വിളിക്കുന്നത് എന്ത് സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് തരാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം ആളുകൾ വിവാദമുയർത്തി രംഗത്ത് വന്നിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു സിനിമയ്ക്ക് ഇശോ എന്ന പേര് ഇട്ടപോൾ ഇത്ര പ്രശ്നം ഉണ്ടാക്കിയവർ തങ്ങളുടെ ചിത്രത്തിനു നേരെയും ബഹിഷ്കരണ പ്രഖ്യാപനവുമായി രംഗത്ത് വരുമോയെന്ന ആശങ്കയിലാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ അണിയറ പ്രവർത്തകർ.

വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രം. ബിജു സോപാനം, എം ആർ ഗോപകുമാർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മുൻ മന്ത്രി സുനിൽ കുമാറും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ‘ഒന്നാനാംകുന്നിൽ ഒരടികുന്നിൽ’ എന്ന ഗാനം 70,00,000 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button