തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രമൈതാന വികസനമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആശങ്കകളും ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം വിളിച്ച് ചേര്‍ത്തത്. ആദ്യ തവണ ഹൈന്ദവസംഘടനകളെ വിളിക്കാതെയായിരുന്നു യോഗം ചേർന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വിവിധ ക്ഷേത്രസംഘടനകളെയും പങ്കെടുപ്പിച്ചിരുന്നു.
ദേവസ്വം ബോര്‍ഡ് വികസനത്തിന്റെ പേരില്‍ അവതരിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണെന്നായിരുന്നു വിവിധ സംഘടനകളെ പ്രതിനിധികരിച്ചവര്‍ ബോര്‍ഡിന് മുന്നില്‍ അവതരിപ്പിച്ചത്. ഹൈന്ദവ സംഘടനകളുടെ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി മേഖല ഭാരവാഹി വി.മോഹന കൃഷ്ണന്‍ ആവശ്യപ്പെട്ടു. വടക്കുംനാഥ ക്ഷേത്ര മൈതാനം മതേതരത്വത്തിന്റെ ഇടമാണെന്ന ബാലചന്ദ്രന്റെ എം.എല്‍.എ.യുടെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് ഹിന്ദു ഐക്യവേദി തൃശ്ശൂര്‍ താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ക്ഷേത്ര മൈതാനത്തിന്റെ പവിത്രതയും, പൈതൃകവും നിലനിര്‍ത്തികൊണ്ടുള്ള ഏതൊരു നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ത ജനങ്ങളും, ഹിന്ദു സംഘടനകളും എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ എന്ത് അഴിഞ്ഞാട്ടവും നടത്താന്‍ അനുവദിക്കില്ലെന്നും താലൂക്ക് സമിതി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തൃശൂരിലെ അവരുടെ പരിപാടികള്‍ നടത്തുന്ന ഇടമാണ് ക്ഷേത്ര മൈതാനം. അതിനൊന്നും ഒരു തടസവും ഇല്ലാതിരിക്കെ എം എല്‍ എ യുടെ ഈ പ്രസ്താവന, ചില മത തീവ്രവാദ തീവ്രവാദ സംഘടനകള്‍ക്ക് ക്ഷേത്ര മൈതാനം അനുവദിച്ചു കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
അത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങളുണ്ടായാല്‍ അതിനെതിരെ ഭക്ത ജനങ്ങളെ അണിനിരത്തി ഹിന്ദു ഐക്യവേദി ശക്തമായി പ്രതിരോധിക്കും. യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് പി പി അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. അതേസമയം ക്ഷേത്ര ശാസ്ത്രശിവചൈതന്യം നിലനിര്‍ത്തിയാകണം വികസനമെന്നും അവര്‍ കൂട്ടിചേര്‍ത്തു. അതേ സമയം തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം ബോര്‍ഡ് അധികൃതര്‍ മിനുട്ട്‌സില്‍ രേഖപ്പെടുത്തിയില്ലെന്ന് ഇവര്‍ പിന്നീട് ആരോപിച്ചു.
നെഹ്‌റു പാര്‍ക്ക് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് ക്ഷേത്രോദ്യാനമാക്കി മാറ്റമെന്നും ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാൽ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവാദങ്ങളില്ലാതെ മുന്നോട്ട്‌പോകാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് വി.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. ഇതിന്റെ ഭാഗാമായാണ് എല്ലാം വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തികൊണ്ട് ചര്‍ച്ചകള്‍ നടത്തുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു.
ആര്‍ക്കിടെക്റ്റ് എം.എം.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് സൗന്ദര്യ വത്ക്കരണത്തിന്റെ പ്ലാന്‍ തയ്യാറാക്കുന്നത്. സർക്കാർ ഇത്തരത്തിൽ മുന്നോട്ട് പോയാൽ ശബരിമല പ്രക്ഷോഭം പോലെ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഹൈന്ദവ സംഘടനകൾ പ്രതികരിക്കുന്നത്.
Post Your Comments