ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ സിസ്റ്റമാണ് ഇ-റുപ്പി. ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിതമായ ഇ-വൗച്ചറാണ് ഇ-റുപ്പി. ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിച്ചാണ് പ്രവർത്തിക്കുക.
ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുടെ സഹായം ഇല്ലാതെ തന്നെ സേവന ദാതാവിൽ വൗച്ചർ റെഡീം ചെയ്യാൻ കഴിയും. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇ-റുപ്പിയുടെ സേവനം വികസിപ്പിച്ചിരിക്കുന്നത്. പണരഹിതവും സമ്പർക്കരഹിതവും ആയ നിർദ്ദിഷ്ട ഡിജിറ്റൽ പേയ്‌മെന്റ് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഇ-റുപ്പി നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നടന്ന വീഡിയോ കോൺഫറൻസിലൂടെ വ്യക്തമാക്കി.
Also Read:കേരളത്തിലേയ്ക്ക് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നത് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളില്‍
രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ ഡിബിടിയെ കൂടുതൽ ഫലപ്രദമാക്കുന്നതിൽ ഇ-റുപ്പി വൗച്ചർ വലിയ പങ്കുവഹിക്കുമെന്നും ഡിജിറ്റൽ ഭരണത്തിന് പുതിയ മാനം നൽകുമെന്നും പരിപാടിയിൽ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പുരോഗമന കാലത്ത് സാങ്കേതികവിദ്യ ആളുകളുടെ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇ-റുപ്പി എന്ന് അദ്ദേഹം വിശദീകരിച്ചു.
എന്താണ് ഇ-റുപ്പി?
ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചറാണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ സേവന ദാതാവിൽ നിന്നും വൗച്ചർ റിഡീം ചെയ്യാൻ കഴിയും.
ഇ-റുപ്പി വൗച്ചറുകൾ എങ്ങനെ ഉപയോഗിക്കാം?
ഈ വൗച്ചറുകൾ പ്രീപെയ്ഡ് ആയ ഇ-ഗിഫ്റ്റ് കാർഡുകൾ പോലെയാണ്. കാർഡുകളുടെ കോഡ് എസ്എംഎസ് വഴി പങ്കിടാം. അല്ലെങ്കിൽ ക്യുആർ കോഡ് വഴിയും പങ്കിടാം. ബാങ്ക് അക്കൗണ്ടോ ഡിജിറ്റൽ പേയ്മെന്റ് ആപ്പോ സ്മാർട്ട്ഫോണോ ഇല്ലാത്ത ആൾക്കും ഈ വൗച്ചറുകളിൽ നിന്ന് പ്രയോജനം ലഭിക്കും.
സർക്കാർ ഏജൻസികൾക്കും കോർപറേറ്റുകൾക്കും നിശ്ചിത വ്യക്തികൾക്കു വൗച്ചർ ഡിജിറ്റലായി നൽകാം. സർക്കാരിന്റെ നേരിട്ടുള്ള സഹായങ്ങളും മറ്റും വൗച്ചറായി ലഭ്യമാക്കിയാൽ ആശുപത്രികൾ മറ്റ് അനുബന്ധിത ഇടങ്ങൾ എന്നിവടങ്ങളിൽ ചെന്ന് വൗച്ചർ കാണിച്ചാൽ മതിയാകും. അവർ അത് സ്കാൻ ചെയ്യും. ഇതോടെ വൗച്ചറിലെ പണം അവർക്ക് ലഭിക്കും. നമ്മുടെ കാര്യവും സാധിക്കും. ഇടനിലക്കാരന്റെ തട്ടിപ്പും വെട്ടിപ്പും ഒഴിവാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ഇ-റുപ്പി വൗച്ചറുകൾ എവിടെയെല്ലാം ഉപയോഗിക്കാം?
ഈ വൗച്ചറുകൾ കൂടുതലും ആരോഗ്യവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾക്ക് ഉപയോഗിക്കാം. സർക്കാർ ഏജൻസികൾക്കോ കോർപറേറ്റുകൾക്കോ പദ്ധതിയിൽ ഉൾപ്പെട്ട ബാങ്കുകളെ സമീപിച്ച് നിശ്ചിത ഗുണഭോക്താക്കൾക്ക് നിശ്ചിത തുകയുടെ വൗച്ചർ ഇഷ്യു ചെയ്യാം. ഗുണഭോക്താക്കളുടെ ഫോണിൽ ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ആയോ എസ്എംഎസ് ആയോ വൗച്ചർ ലഭിക്കും. ഉദാഹരണത്തിനു ജീവനക്കാർക്കു വാക്സിനേഷനുള്ള തുകയുടെ ഇ–റുപ്പി വൗച്ചർ മൊബൈൽ ഫോണിൽ മെസേജായി കമ്പനി നൽകുന്നു. വാക്സീനെടുക്കാൻ ആശുപത്രിയിലെത്തുമ്പോൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ വൗച്ചർ സ്കാൻ ചെയ്യും. ഇതോടെ വൗച്ചറിലെ തുക ആശുപത്രിയുടെ അക്കൗണ്ടിലെത്തും.
ഏതൊക്കെ ബാങ്കുകളിലാണ് ഇ-റുപ്പി സേവനം ഉള്ളത്?
നിലവിൽ, NPCI അനുസരിച്ച് 11 ലൈവ് ബാങ്കുകളിൽ ആണ് ഈ സേവനം ഉള്ളത്. എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ്, ഇന്ത്യൻ ബാങ്ക്, കോട്ടക് ബാങ്ക് എന്നീ ബാങ്കുകളിലാണ് ഇ-റുപ്പി സേവനം അംഗീകൃതമായിരിക്കുന്നത്. ഇവയിൽ രണ്ടെണ്ണത്തിൽ ആണ് നിലവിൽ ഇ-റുപ്പി സൗകര്യമുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉടൻ തന്നെ മറ്റ് ബാങ്കുകളിലും ഈ സൗകര്യമൊരുക്കും.
ഇ-റുപ്പിയുടെ ഗുണം എന്തൊക്കെയാണ്?
* ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട്, കറൻസി, ഓൺലൈൻ ബാങ്കിങ് സേവനം എന്നിവയൊന്നും വേണ്ട.
* ഓതന്റിക്കേഷൻ കോഡ് വേണ്ടതിനാൽ ഒരാളുടെ കോഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇടനിലക്കാരന്റെ ഇടപെടലുകൾ ഉണ്ടാകയില്ല.
* ഇടപാടു നടക്കുമ്പോൾ വ്യക്തിഗത വിവരങ്ങളൊന്നും കൈമാറേണ്ട.
ഒരു വൗച്ചർ എത്ര തവണ ഉപയോഗിക്കാം?
ഒരു തവണ മാത്രമേ വൗച്ചർ ഉപയോഗിക്കാൻ കഴിയൂ. നിലവിൽ 10,000 രൂപ വരെയുള്ള വൗച്ചർ നൽകാം. ഈ വൗച്ചർ മറ്റൊരു വ്യക്തിക്ക് കൈമാറാനോ ആരോഗ്യസംബന്ധിയായ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കാനോ സാധിക്കില്ല.
Post Your Comments