വാഷിങ്ടൺ: കോവിഡ് ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ചിക്കൻ പോക്സ് പോലെ പടരുമെന്നതാണ് ഈ വകഭേദമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് വാക്സിൻ എടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെൽറ്റ വകഭേദം വ്യാപിക്കുമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദി വാഷിംഗ്ടൺ പോസ്റ്റ് പത്രമാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിട്ടത്. ഇന്ത്യയിലാണ് കോവിഡ് ഡെൽറ്റ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. മെർസ്, സാർസ്, എബോള തുടങ്ങിയ രോഗങ്ങളെക്കാൾ രോഗവ്യാപന ശേഷിയുള്ളതാണ് കോവിഡ് ഡെൽറ്റ വകഭേദമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അമേരിക്കയിൽ ആഴ്‌ചതോറും വാക്സിനെടുത്ത 35,000 പേരിൽ കോവിഡ് ലക്ഷണങ്ങളോടെ ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ടെന്നും യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലാകാനാണ് സാധ്യത എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോവിഡ് വാക്സിനുകൾ ഗുരുതര രോഗബാധ ഒഴിവാക്കാൻ സഹായിക്കുമെങ്കിലും രോഗപ്പകർച്ച തടയാൻ വാക്സിന് പരിമിതിയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments