Latest NewsNewsIndia

ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൻ റാമും ശശികുമാറും

ഇന്ത്യയിൽ മുതിർന്ന മാധ്യമപ്രവർത്തകരുടേത് അടക്കം പത്ത് ഫോണുകളെങ്കിലും, പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു എന്നാണ് ഫൊറൻസിക് പരിശോധനകളിലടക്കം തെളിഞ്ഞതെന്ന് അന്വേഷണസംഘം റിപ്പോർട്ട് ചെയ്യുന്നു.

ന്യൂഡൽഹി: പെഗാസസ് സ്വകാര്യതാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സുപ്രീംകോടതിയെ സമീപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമാണ് എൻ റാം. ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്‍റെ സ്ഥാപകനും ഏഷ്യാവിൽ എഡിറ്ററുമാണ് ശശികുമാർ. പൗരന്‍റെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ സ്വകാര്യതയിലേക്ക് മിലിറ്ററി ഗ്രേഡ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കടന്നുകയറി എന്നാണ് ഹർജിയിൽ രണ്ട് പേരും വ്യക്തമാക്കുന്നത്. അതിനാൽ ജുഡീഷ്യൽ അന്വേഷണം അത്യാവശ്യമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തേ പശ്ചിമബംഗാൾ കേസിൽ മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 10 ദിവസമായി ലോകത്തെ 17 മീഡിയ ഗ്രൂപ്പുകൾ ചേർന്ന് ദ പെഗാസസ് പ്രോജക്ട് എന്ന പേരിൽ വിവിധ ലോകരാജ്യങ്ങളിലെ സമുന്നതനേതാക്കളോ, പ്രധാനപ്പെട്ട വ്യക്തികളോ, മാധ്യമപ്രവർത്തകരോ അടക്കമുള്ളവരുടെ ഫോണുകൾ പെഗാസസ് എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിവിധ ഭരണകൂടങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്. ഇസ്രായേലി ചാരസംഘടനയായ എൻഎസ്ഒ നിർമിച്ച പെഗാസസ് എന്ന സോഫ്റ്റ്‍വെയർ, പക്ഷേ, ‘ഔദ്യോഗിക ആവശ്യ’ങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും, ‘അംഗീകൃത’സർക്കാരുകൾക്ക് മാത്രമേ ഇത് വിൽക്കാറുള്ളൂ എന്നുമാണ് എൻഎസ്ഒയുടെ വാദം.

Read Also: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രിക്ക് പൊങ്കാലയുമായി മലയാളികൾ

ഇന്ത്യയിൽ മുതിർന്ന മാധ്യമപ്രവർത്തകരുടേത് അടക്കം പത്ത് ഫോണുകളെങ്കിലും, പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു എന്നാണ് ഫൊറൻസിക് പരിശോധനകളിലടക്കം തെളിഞ്ഞതെന്ന് അന്വേഷണസംഘം റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും ഏജൻസികൾ പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിയോ, ലൈസൻസ് വാങ്ങിയോ, ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരന് നേർക്ക് പെഗാസസ് ഉപയോഗിക്കപ്പെട്ടോ എന്നിവയെല്ലാം അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button