ന്യൂഡല്‍ഹി: തന്‍റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം അഡ്വാന്‍സ്ഡ് സൈബര്‍ ക്രൈം യൂണിറ്റ് അന്വേഷിക്കും. സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഇതുവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല. എങ്കിലും ആരോപണം സ്വന്തം നിലയില്‍ അന്വേഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് (സി.ഇ.ആര്‍.ടി-ഇന്‍) പ്രിയങ്കയുടെ ആരോപണം പരിശോധിക്കുക. ഹാക്കര്‍മാരെ കണ്ടെത്താനും സൈബര്‍ ആക്രമണം തടയുന്നതിനുമുള്ള നൂതന ലാബ് സി.ഇ.ആര്‍.ടി-ഇന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള റെയ്ഡുകളെ കുറിച്ചും നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് തന്‍റെ മക്കളെ സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
‘ഫോണ്‍ ചോര്‍ത്തല്‍ പോട്ടെ, എന്‍റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ അവര്‍ ഹാക്ക് ചെയ്യുന്നു, അവര്‍ക്ക് വേറെ പണിയൊന്നുമില്ലേ?’ -പ്രിയങ്ക ചോദിച്ചു. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
Post Your Comments