![](/wp-content/uploads/2021/08/pegasus.jpg)
ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പെഗാസസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
എന്‍. റാം, യശ്വന്ത് സിന്‍ഹ, എഡിറ്റേഴ്‌സ് ഗില്‍ഡ്, മറ്റ് ഏഴ് പേര്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹര്‍ജികള്‍ ഊഹങ്ങളുടെയും അനുമാനങ്ങളുടെയും തെളിവുകളില്ലാത്ത മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമുള്ളതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച രണ്ട് പേജുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പൊതുതാത്പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ ഇത്തരം തെളിവുകള്‍ പര്യാപ്തമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്രത്തിന് 10 ദിവസത്തെ സമയം അനുവദിച്ചു. പെഗാസസ് കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, കോടതിയിലെ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് ആരോപണം.
Post Your Comments