ജെറുസലേം: പെഗാസസ് ചാരവൃത്തിക്കേസിൽ സർക്കാർ തല അന്വേഷണത്തിന് ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്. കാര്യങ്ങളുടെ അവസ്ഥ വളരെ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പെഗാസസ് എന്ന ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തരായ അനുചരരുടെ ഫോൺ വിവരങ്ങൾ പോലീസ് ചോർത്തുന്നതായി ഇസ്രായേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ പ്രശസ്തരായ മറ്റു പലരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇസ്രയേലിന്റെ തന്നെ സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് നിർമ്മിച്ച അതിശക്തമായ ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്.
ഈ സംഭവത്തോടെ, രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ വിശ്വസ്തത സംശയത്തിന്റെ നിഴലിലാണെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് വിമർശിച്ചിരുന്നു. ജനാധിപത്യ രീതികളും, ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസവും നഷ്ടപ്പെടുത്താൻ ഇടയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments