അപകീർത്തികരമായ വ്യാജ വാർത്ത: ദേശാഭിമാനിക്കെതിരെ നിയമ നടപടിയുമായി ബിജെപി

ഇക്കഴിഞ്ഞ 25-ാം തീയതിയാണ് ദേശാഭിമാനി കൊല്ലം എഡിഷനിൽ പരാതിക്കാധാരമായ വാർത്ത പ്രസിദ്ധീകരിച്ചത്.

കൊല്ലം: സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ നിയമ നടപടിയുമായി ബിജെപി. നേതാക്കൾക്കെതിരെ അപകീർത്തികരമായി വ്യാജ വാർത്ത നൽകിയതിനാണ് നിയമ നടപടി. ഇത് സംബന്ധിച്ച് ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വിഎസ് ജിതിൻ ദേവ് ദേശാഭിമാനി ബ്യൂറോ ചീഫിന് നോട്ടീസ് അയച്ചു. ഇക്കഴിഞ്ഞ 25-ാം തീയതിയാണ് ദേശാഭിമാനി കൊല്ലം എഡിഷനിൽ പരാതിക്കാധാരമായ വാർത്ത പ്രസിദ്ധീകരിച്ചത്.

ബിജെപി ജില്ലാ അദ്ധ്യക്ഷനെതിരെ നേതാക്കൾ തന്നെ പ്രചാരണം നടത്തുന്ന എന്നതരത്തിലായിരുന്നു വാർത്ത. ജിതിൻ ദേവ്, ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ്, യുവമോർച്ച ജില്ലാ പ്രസിഡന്റ വിഷ്ണു പട്ടത്താനം എന്നിവർക്കെതിരെയായിരുന്നു ദേശാഭിമാനി വാർത്ത.

തനിക്ക് സമൂഹത്തിലുള്ള സൽപ്പേര് തകർക്കുന്നതിന് ബോധപൂർവ്വം തയ്യാറാക്കിയ വാർത്തയാണിതെന്നും അഡ്വ. ശ്രീനു രവീന്ദ്രൻ മുഖേനെ അയച്ച നോട്ടീസിൽ പറയുന്നു. 15 ദിവസത്തിനുള്ളിൽ വാർത്ത പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അഭിഭാഷകൻ മുഖേനെ ദേശാഭിമാനിക്കയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.

 

 

Share
Leave a Comment