തൃശൂര്‍: ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലേറെ രൂപയുടെ അഴിമതി പുറത്തുവന്നിരുന്നു. ഈ നൂറ് കോടിയെന്നത് വെറും ആരംഭം മാത്രമായിരിക്കുമെന്ന സൂചനകൾ സത്യമാകുന്നു. സഹകരണ ബാങ്കിൽ നടന്നത് മുന്നൂറ് കോടിയുടെ തട്ടിപ്പാണെന്നാണ് വിവരം. അഞ്ചുവര്‍ഷത്തിനിടെ നടന്നത് 300 കോടിയുടെ തിരിമറിയെന്ന് റിപ്പോര്‍ട്ടുകൾ.
2018 -19-ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്കിന് ആ വര്‍ഷം 401.78 കോടിയുടെ നിക്ഷേപവും 437.71 കോടിയുടെ വായ്പയുമുണ്ട്. നിക്ഷേപങ്ങളുടെ എഴുപത് ശതമാനം മാത്രമാണ് വായ്‌പ നൽകാൻ അധികാരമെന്നിരിക്കെ ഈ ബാങ്ക് അതിന്റെ ഇരട്ടി നൽകിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നിക്ഷേപ – വായ്പാ അനുപാതം കാത്തുസൂക്ഷിക്കാതെ വർഷങ്ങളോളം വായ്‌പ നൽകുന്നതിൽ ക്രമക്കേട് നടത്തിയതിനെ തുടർന്നാണ് വലിയ തോതിലുള്ള തുകയിലേക്ക് കാര്യങ്ങൾ നീണ്ടത്.
സംസ്ഥാനത്ത് സിപിഎം നയിക്കുന്ന ബാങ്കില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. 125 കോടിയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇത് മുന്നൂറ് ആയ സ്ഥിതിക്ക് പാർട്ടി കൂടുതൽ സമ്മർദത്തിലാവുകയാണ്. ഈടില്ലാതെയും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാർക്ക് സാധാരണ സഹകരണബാങ്കുകളിൽ അംഗത്വം നൽകാറില്ല. എന്നാൽ, ഇവിടെ നേരെ മറിച്ചായിരുന്നു. ജീവനക്കാർക്ക് ‘സി’ ക്ലാസ് യോഗ്യത നൽകി അംഗത്വം നൽകി. വായ്പ അനുവദിച്ചു.
Also Read:കോവിഡ് ബാധിച്ച് ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: ഐവിഎഫ് ചികിത്സയ്ക്ക് യുവതിക്ക് അനുമതി നല്‍കി ഹൈക്കോടതി
ബാങ്ക് അധികൃതർക്കെതിരെ നിരവധി ഇടപാടുകാർ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നു. വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഭൂമി തട്ടിയെടുത്തെന്നും ഇതുവഴി മൂന്ന് കോടിയോളം ബാധ്യത ഉണ്ടായെന്നും ആരോപിച്ച് സായ്‌ലക്ഷ്മി എന്ന വീട്ടമ്മയാണ് ആദ്യം രംഗത്ത് വന്നത്. സി പി എം നേതാക്കളുടെ കുടുംബാംഗങ്ങളും ഈ തട്ടിപ്പില്‍ ഇരയായിട്ടുണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുന്‍ എല്‍.ഡി.എഫ്. കൗൺസിലറുടെ ഭർത്താവ് ഇവിടെ നിന്നും 25 ലക്ഷം ഓവര്‍ഡ്രാഫ്റ്റ് എടുത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടമാണ്. വായ്‌പ എടുക്കുന്നതിനായി ഈട് നൽകിയത് സ്വന്തം കിടപ്പാടമായിരുന്നു. ഇതുപോലെ നിരവധി ആളുകൾക്കാണ് കരുവന്നൂര്‍ സഹകരണബാങ്കിലെ സഖാക്കളുടെ തട്ടിപ്പിന്റെ ഭാഗമായി കിടപ്പാടം പോലും നഷ്ടമായിരിക്കുന്നത്.
Post Your Comments