ന്യൂഡൽഹി: മണിപ്പൂരില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദാസ് കോന്ദൗയാം രാജിവെച്ചു. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന മണിപ്പൂരില്‍ മിഷന്‍ 2022 പദ്ധതിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷനും 8 എംഎല്‍എമാരും രാജിവെക്കുന്നത്. ഇവര്‍ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹം ശക്തമാണ്.
മണിപ്പൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന കോന്ദൗയാമിനെ ഡിസംബറിലാണ് സോണിയാഗന്ധി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. ബിഷന്‍പ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഏഴുതവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.2017-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്. അറുപതംഗ നിയമസഭയില്‍ 26സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.
31 സീറ്റാണ് കേവലഭൂരിപക്ഷം നേടുന്നതിന് ആവശ്യമായത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രധാനമായിരുന്ന ബിജെപി ഇരുപത്തൊന്ന് സീറ്റുകള്‍ നേടുകയും തുടർന്ന് സഖ്യം രൂപീകരിച്ചു മണിപ്പൂരില്‍ ആദ്യമായി അധികാരത്തിലേറുകയും ചെയ്തു. 2012 തെരഞ്ഞെടുപ്പില്‍ 45സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന് സീറ്റുകളില്‍ വന്‍ ഇടിവാണ് കഴിഞ്ഞ തവണ നേരിട്ടത്.
നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് പാര്‍ട്ടിയ്ക്ക് കനത്ത പ്രഹരം നല്കികൊണ്ട് പാര്‍ട്ടിഅധ്യക്ഷനും എംഎല്‍മാരും ബിജെപിയിലേക്ക് കുടിയേറുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ മൊത്തം 60 സീറ്റില്‍ 45 സീറ്റ് നേടുകയാണ് കോണ്‍ഗ്രസ് മിഷന്‍ 2022 പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. അതേസമയം രാജി കോണ്‍ഗ്രസിനെ ഒരു തരത്തിലും തുരങ്കം വെക്കില്ലെന്നും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല രാജിയെന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം.
Post Your Comments