ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ പ്രസ്താവന വിവാദത്തിൽ. തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമന്‍ററി പറയുന്നതിനിടെ ‘താനൊരു ബ്രാഹ്മണനായതുകൊണ്ട് തമിഴ്നാട്ടിലെ സംസ്കാരം ഇഷ്ടപ്പെടുന്നു’എന്നു റെയ്ന പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.
ലൈക്ക കോവയ് കിങ്സും സേലം സ്പാര്‍ടാന്‍സും തമ്മിലുള്ള തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനിടെ മറ്റൊരു കമേന്ററ്റര്‍ റെയ്നയോട് ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ചോദിച്ചപ്പോഴാണ് താരത്തിന്റെ വിവാദ കമന്റ്.
“ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇവിടുത്തെ സംസ്കാരം ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. സഹതാരങ്ങളെയെല്ലാം എനിക്ക് ഇഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി തുടങ്ങിയവരുടെ കൂടെ കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ ഇവിടെ നിന്ന് പഠിക്കാന്‍ സാധിച്ചു. ചെന്നൈ ടീമിെന്റ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമായി കരുതുന്നു. ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ,” -റെയ്ന മറുപടി പറഞ്ഞു
ഇതിന്റെ വിഡിയോ ട്വിറ്ററിലടക്കം പ്രചരിച്ചതോടെ താരത്തിന് നേരെ വിമര്‍ശനങ്ങളും ട്രോളുകളുമായി നിരവധിപേരെത്തി. ‘റെയ്ന നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ.. നിങ്ങള്‍ വര്‍ഷങ്ങളായി ചെന്നൈ ടീമിനായി കളിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ചെന്നൈ സംസ്കാരം നിങ്ങള്‍ അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നു….” തുടങ്ങിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
Post Your Comments