കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ വ്യവസായികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരിൽ വന്ന കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി പോലീസ് . പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. പരാതിയെ തുടര്‍ന്ന് നഗരത്തിലും മാലാപ്പറമ്പിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. മലബാര്‍ ഗോള്‍ഡ്, പാരിസണ്‍സ്, നാഥ് കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ ഉടമകള്‍ക്കുമാണ് മാവോയിസ്റ്റുകളുടെ കത്ത് വന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് രണ്ടും കസബ സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കത്തയച്ചയാള്‍ വയനാട്ടുകാരനാണെന്ന് അറിഞ്ഞതോടെ അന്വേഷണം വയനാട്ടിലേക്ക് നീണ്ടു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് നഗരത്തിലുള്ളവര്‍ക്കും കത്തയച്ചവവരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നഗരത്തിലും മാലാപ്പറമ്പിലും പരിശോധന നടത്തിയത്.
മാലാപ്പറമ്പില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ ഓഫീസിലാണ് തിരച്ചില്‍ നടന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട്ടെ വ്യവസായികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് വന്നത്.
Post Your Comments