KeralaLatest News

മാവോയിസ്റ്റുകള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍; സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുക്കും

മലപ്പുറം: സാമൂഹ്യ ഇടപെടലിലൂടെ മാവോയിസ്റ്റുകളെ നേരിടാന്‍ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മാവോയിസ്റ്റ് ബാധിത മേഖലയായ വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഇതിനായി പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ഇന്നലെ മലപ്പുറത്തു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനായി സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സായുധ പ്രവര്‍ത്തനം നിര്‍ത്തി സാധാരണ ജീവിതത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കും – അവലോകന യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം നടത്തുക. ആദിവാസി മേഖലകളില്‍ നിരന്തരം മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകുന്ന സാഹചര്യത്തിലാണിത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മാവോയിസ്റ്റ് ബാധിത മേഖലകളായി കേന്ദ്രം പ്രഖ്യാപിച്ച ഉത്തര കേരളത്തിലെ അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് പുറമേ, ഐടിഡിപി, വനം, സാമൂഹിക നീതി, പഞ്ചായത്ത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പിനും പോലീസിനുമൊപ്പം ഐടിഡിപി, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവരെ കൂടി മാവോയിസ്റ്റുകളെ നേരിടുന്നതില്‍ സജീവ പങ്കാളികളാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button