കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഫാസ്ടാഗ് ഉപയോഗിച്ച് ഇന്ത്യന്‍ ഓയിൽ കോർപറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കാൻ സംവിധാനം ഒരുങ്ങി. ഇതുസംബന്ധിച്ച് ഐ.സി.ഐ.സി.ഐബാങ്കും ഇന്ത്യന്‍ ഓയിൽ കോർപറേഷനും തമ്മിൽ ധാരണയിലെത്തിയതായും അധികൃതർ അറിയിച്ചു.
ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ നിര്‍ണായകമായ കുതിച്ചുചാട്ടമാണ് ഇന്ത്യന്‍ ഓയില്‍, ഐ.സി.ഐ.സി.ഐ സംയുക്ത നീക്കമെന്ന് ഐ.ഒ.സി ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ അറിയിച്ചു. ആരംഭത്തിൽ രാജ്യത്തെ 3000 ഇന്ത്യന്‍ ഓയില്‍ റീട്ടെയിൽ ഔട്ട്ലറ്റുകളില് ഈ സൗകര്യം ലഭ്യമാകും.
ഇന്ധനം നിറക്കുമ്പോള്‍ പമ്പ് ജീവനക്കാരന് വാഹനത്തിന്റെ ഫാസ്ടാഗോ നമ്പര്‍ പ്ലേറ്റോ സ്കാൻ ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന് ലഭിക്കുന്ന ഒ.ടി.പി നമ്പർ പി.ഒ.എസ് മെഷീനിലേക്ക് എൻറര്‍ ചെയ്താല്‍ ഇടപാട് പൂര്‍ത്തിയാകും. പെട്രോള്‍, ഡീസല്‍, ലൂബ്രിക്കൻറ്സ് എന്നിവ ഫാസ്ടാഗില് വാങ്ങാമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments