കൊല്ലം: ഷബ്നയെ കാണാതായിട്ട് മൂന്ന് വർഷം കഴിയുന്നു. എന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം എവിടെയുമെത്തിയില്ല. തെളിവുകളുടെ അഭാവത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് ക്രൈം ബ്രാഞ്ച് എന്ന് പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഷബ്നയുടെ മാതാപിതാക്കള്‍.
ഷബ്നയെ കാണാതാകുന്നത് 2018 ജൂലൈ 17 നാണ്. വീട്ടില്‍നിന്ന് രാവിലെ 09.30 ന് കടവൂരില്‍ പി.എസ്.സി. കോച്ചിങ്ങിനു പോയ ഷബ്ന പിന്നെ തിരിച്ചു വന്നിട്ടില്ല. രാവിലെ 11 മണിയോടെ വിദ്യാര്‍ത്ഥിനിയുടെ ബാഗും സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും കൊല്ലം ബീച്ചില്‍നിന്ന് പൊലീസ് കണ്ടത്തുകയായിരുന്നു.
Also Read:2022, 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു
അവസാനമായി ഷബ്‌നയെ കൊല്ലം ബീച്ചിനു സമീപം കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സ്ഥിതീകരിച്ചിരുന്നു. ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ സിസി ടിവിയിലാണ് ഷബ്നയുടെ ഒടുവിലത്തെ ദ്യശ്യങ്ങള്‍ പതിഞ്ഞത്. എന്നാല്‍ പിന്നീട് ഷബ്‌നയ്ക്ക് എന്താണു സംഭവിച്ചതെന്നു മാത്രം ഇനിയും ബന്ധപ്പെട്ട അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലിൽ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഷബ്‌നയുമായി അടുപ്പമുണ്ടായിരുന്നുവെന്നു പറയുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല.
സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക്‌ഔട്ട് നോട്ടീസും സോഷ്യല്‍ മീഡിയയില്‍ അടക്കം ഷബ്നയെ കാണാതായ വിവരങ്ങള്‍ നല്‍കിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. മാതാപിതാക്കൾ നിയമ പോരാട്ടങ്ങൾ ഒരുപാട് നടത്തിയെങ്കിലും ഷബ്‌ന കേസ് ഇപ്പോഴും ദുരൂഹമായിത്തന്നെ തുടരുകയാണ്.
Post Your Comments