തിരുവനന്തപുരം: സർക്കാർ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കാണിച്ച ലാഘവത്വം അപകടകരമാണെന്ന് കാന്തപുരം സുന്നി വിഭാഗം. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലെടുത്ത ഭരണപരമായ തീരുമാനമായി മാത്രം സര്‍ക്കാര്‍ തീരുമാനത്തെ കാണാനാവില്ലെന്നാണ് വിമർശനം.
Also Read:പേടിക്കാതെ പറഞ്ഞോളൂ: സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പിങ്ക് പോലീസ് ഇനി വീട്ടിലെത്തും
ഈ ലാഘവത്വം അപകടകരവും സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതുമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്ത പക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തുമെന്നും പോസ്റ്റിൽ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍ ഡി എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ?
പിന്നാക്ക ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സാമൂഹിക നീതിയെയും സമതയെയും അട്ടിമറിക്കാനേ സഹായിക്കൂ. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സവിശേഷമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള പദ്ധതികളാണ് പാലോളി കമ്മറ്റി നിര്‍ദേശിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അന്തസത്തയെ നിരാകരിക്കുന്ന തീരുമാനമാണ് സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാറ്റം വരുത്താനുള്ള ഇപ്പോഴത്തെ തീരുമാനം. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍ ഡി എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ എന്നു വ്യക്തമാക്കണം. ഇല്ലെങ്കില്‍ ആ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നയപരമായ തീരുമാനം കൈക്കൊള്ളണം.
ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ടെടുത്ത കേവലം ഭരണപരമായ തീരുമാനമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും ഉള്ള ഒരു വിധിയെ ഇത്രയും ലാഘവത്തോടെയും ധൃതിയോടെയും സമീപിച്ച രീതി ശരിയല്ല. ഈ വിഷയത്തില്‍ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണ്. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തിയില്ല. ഈ ലാഘവത്വം അപകടകരവും സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതുമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്ത പക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തും.
Post Your Comments