കോഴിക്കോട്: ഈ പെരുന്നാള്‍ ത്യാഗത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പെരുന്നാളില്‍ ലഹരിക്കെതിരെ വിശ്വാസികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണം. ഇന്ത്യയില്‍ തീവ്രവാദം ശക്തമാകുന്നു. തീവ്രവാദത്തെ അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 141 പവൻ പിടികൂടി
‘ത്യാഗനിര്‍ഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് ബലിപെരുന്നാള്‍ നമുക്ക് നല്‍കുന്നത്. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം മുറുകെപ്പിടിച്ച് പ്രതിരോധിക്കുകയും വേണം. മാനവിക സ്നേഹത്തിന്റെയും വിശ്വ സാഹോദര്യത്തിന്റെയും സ്നേഹാര്‍ദ്രമായ സന്ദേശമാണ് ഹജ്ജ് കര്‍മവും അതിന്റെ പരിസമാപ്തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും’.
‘വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള ജനങ്ങള്‍ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്‌നേഹത്തിലും ത്യാഗ സ്മരണകള്‍ പങ്കുവെച്ച് പിരിയുകയും ചെയ്യുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയകരമായി മുന്നേറാന്‍ ക്ഷമയും സാഹോദര്യവും അനിവാര്യമാണ്’.
‘എല്ലാ സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും കെട്ടുറപ്പ് ഈ പാരസ്പര്യത്തിലാണ്. പുതുവസ്ത്രത്തിലും മുന്തിയ വിഭവങ്ങളിലും മാത്രം ആഘോഷം ഒതുങ്ങാതെ സ്വയം വിലയിരുത്താനും ചുറ്റുമുള്ളവര്‍ക്ക് സ്‌നേഹവും കരുതലും സമ്മാനിക്കാനും നമുക്ക് സാധിക്കണം’.
‘തന്റെ പ്രവര്‍ത്തികള്‍ സ്വന്തം ശരീരത്തിനും സമൂഹത്തിനും ഗുണകരമാണോ എന്ന് പരിശോധിക്കാനും ജീവിതം സന്മാര്‍ഗത്തില്‍ ചിട്ടപ്പെടുത്താനും ഇത്തരം വാര്‍ഷിക വേളകള്‍ നാം ഉപയോഗപ്പെടുത്തണം. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിയില്‍ നിന്നും ആഭാസങ്ങളില്‍ നിന്നും നമ്മുടെ പരിസരങ്ങളിലുള്ളവര്‍ അകപ്പെടാതെ ശ്രദ്ധിക്കണം’.
‘അത്തരം സാമൂഹ്യ വിപത്തുകള്‍ക്ക് എതിരെ ഏവരും ഒന്നിക്കണം. സാമുദായിക സ്‌നേഹവും സൗഹാര്‍ദവും തകര്‍ക്കുന്ന വാക്കോ പ്രവര്‍ത്തിയോ നമ്മില്‍ നിന്നുണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ അഖണ്ഡതക്കും പുരോഗതിക്കും വേണ്ടി ഊര്‍ജസ്വലതയോടെ മുന്നില്‍ നില്‍ക്കുകയും വേണം’.
‘പരസ്പര സ്‌നേഹത്തിന്റെ ഭാഷ്യങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് വിശുദ്ധ ഹജ്ജിന്റെയും മറ്റു പുണ്യങ്ങളുടെയും അന്തസത്ത ഉള്‍ക്കൊണ്ട് ബലി പെരുന്നാളിനെ സാര്‍ത്ഥകമാക്കാന്‍ കഴിയുന്നത്. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങള്‍ക്കും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍’, കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments