
ദുബായ് : എമിറേറ്റിലെ ട്രാഫിക് സിഗ്നലുകളിൽ ഗതാഗതം സുഗമമാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) കൃത്രിമബുദ്ധി (എഐ) ഉപയോഗപ്പെടുത്തുന്നു. ഏപ്രിൽ 24-നാണ് ആർറ്റിഎ ഇക്കാര്യം അറിയിച്ചത്.
ഈ സംവിധാനത്തിലൂടെ ദുബായിലെ ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പ് സമയം 20 ശതമാനം വരെ കുറയ്ക്കുന്നതിന് ആർറ്റിഎ ലക്ഷ്യമിടുന്നു. എഐ ഉപയോഗിച്ച് കൊണ്ട് തത്സമയമുള്ള ട്രാഫിക് കൺട്രോൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലൂടെ ട്രാഫിക് സിഗ്നലുകളിൽ ഏറ്റവും മികച്ച രീതിയിലുള്ള ഗതാഗത നീക്കം സാധ്യമാക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
അടുത്തിടെ നടന്ന പ്രഥമ ദുബായ് എഐ വീക്കിന്റെ ഭാഗമായാണ് ആർറ്റിഎ ഈ സംവിധാനം അവതരിപ്പിച്ചത്. തത്സമയമുള്ള ട്രാഫിക് വിവരങ്ങൾ, മുൻകാലങ്ങളിലെ ട്രാഫിക് വിവരങ്ങൾ എന്നിവ അവലോകനം ചെയ്ത് കൊണ്ട് ഗതാഗത നീക്കം മുൻകൂട്ടി കാണുന്നതിന് ഈ കൃത്രിമബുദ്ധി സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
ഇത് ട്രാഫിക് നീക്കങ്ങൾ പ്രവചിക്കുന്നതിനും, സിഗ്നൽ സമയങ്ങളിൽ ആവശ്യമായ തത്സമയ മാറ്റങ്ങൾ വരുത്തുന്നതിനും അതിലൂടെ സിഗ്നലുകളിലെ കാത്തിരുപ്പ് പരമാവധി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Post Your Comments