ലോർഡ്സ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ആവേശോജ്വലവുമായ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ഇന്ന് 19 വയസ്സ്. 2002ൽ ജൂലൈ 13ന് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ ടീം ഇംഗ്ലണ്ടിനെ തകർത്ത് ലോർഡ്സിൽ പുതു ചരിത്രം കുറിച്ചു. യുവരാജ് സിംഗും മുഹമ്മദ് കൈഫും ആരാധക ഹൃദയത്തിൽ ഇടം നേടിക്കൊടുത്ത ആ ദിവസം. ലോർഡ്സിൽ ബാൽക്കണിയിലിരുന്ന് ഗാംഗുലി തന്റെ ജേഴ്സിയുരി വിജയം ആഘോഷിച്ചതും മറക്കാനാവാത്ത ദൃശ്യങ്ങളിലൊന്ന്.
കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 325/5 എന്ന കൂറ്റൻ സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ സൗരവ് ഗാംഗുലിയും (60), വീരേന്ദർ സെവാഗും (45) മികച്ച തുടക്കം നൽകി. എന്നാൽ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുക്കെട്ട് കൂടാരം കയറിയപ്പോൾ ഇന്ത്യ തകർച്ചയിലേക്ക് വീണു.
മധ്യനിരയിൽ ദിനേശ് മോംഗിയയും (9), സച്ചിൻ ടെണ്ടുൽക്കറും (14), രാഹുൽ ദ്രാവിഡും (5) കൂടാരം കയറി. ഇന്ത്യൻ സ്കോർ 5ന് 146. ഇന്ത്യൻ ആരാധകർ പരാജയം മുന്നിൽ കണ്ട നിമിഷം. ഇംഗ്ലണ്ട് ടീമും ആരാധകരും കിരീടം ഉറപ്പിച്ചെന്ന് കരുതി ആഘോഷം തുടങ്ങി. എന്നാൽ യുവതാരങ്ങളായ യുവരാജ് സിംഗും മുഹമ്മദ് കൈഫും ക്രീസിൽ ഒത്തുചേർന്നതോടെ ഇംഗ്ലണ്ടിന്റെ ആവേശം പതിയെ നിലച്ചു. ഇരുവരും ചേർന്ന് 121 റൺസ് ഇന്ത്യൻ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു.
Read Also:- ബിപിയും തടിയും കുറയ്ക്കാന്‍ ‘മുട്ട’
ഇന്ത്യൻ സ്കോർ 267ൽ നിൽക്കേ 69 റൺസുമായി യുവിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. എന്നാൽ വാലറ്റത്തെ കൂട്ടുപ്പിടിച്ച കൈഫ് മൂന്ന് ബോൾ ബാക്കി നിൽക്കെ ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിക്കുകയും ചെയ്തു. 87 റൺസുമായി പുറത്താകാതെ നിന്ന കൈഫാണ് കളിയിലെ മികച്ച താരം.
Post Your Comments