അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്ക്. പരിശീലനത്തിനിടെ കൈത്തണ്ടക്ക് പരിക്കേറ്റ രോഹിത് കുറച്ചു നേരം പരിശീലനം നിര്‍ത്തി കയറിപ്പോയെങ്കിലും പിന്നീട് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായി. കൈത്തണ്ടയില്‍ ഐസ് പാക്ക് വെച്ചാണ് രോഹിത് പിന്നീട് പരിശീലനം തുടര്‍ന്നത്.
ഇന്ന് നിര്‍ബന്ധിത പരിശീലന സെഷന്‍ ഉണ്ടായിരുന്നില്ലെങ്കിലും രോഹിത് ശര്‍മയും ഹര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയിരുന്നു. റിസര്‍വ് ബൗളര്‍മാരായ ഷര്‍ദ്ദുല്‍ താക്കൂറിന്‍റെയും മുഹമ്മദ് സിറാജിന്‍റെയും ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളുടെയും പന്തുകള്‍ നേരിട്ട മൂവരും ഏറെ നേരം ബാറ്റിംഗ് പരിശീലനം നടത്തി.
ഇതിനിടെയാണ് രോഹിത്തിന്‍റെ കൈത്തണ്ടക്ക് പന്തുകൊണ്ട് പരിക്കേറ്റത്. ലോകകപ്പില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ രോഹിത്തിനായിട്ടില്ല. നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒരേയൊരു അര്‍ധ സെഞ്ചുറി മാത്രമാണ് രോഹിത്തിന്‍റെ ഇതുവരെയുള്ള നേട്ടം. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ മത്സരം. ഇന്ത്യൻ സമയം 1.30ന് അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
Read Also:- ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ ചില പൊടിക്കെെകൾ
അതേസമയം, ഓസ്ട്രേലിയയിലെ കാലം തെറ്റിയ കാലാവസ്ഥയാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഈ ലോകകപ്പില്‍ നിരവധി മത്സരങ്ങളാണ് ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ ദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും അത് രാവിലെയായിരിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും അത് മത്സരത്തെ ബാധിക്കില്ല.
Post Your Comments