അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങള്‍ ആലോചിക്കാന്‍ ഇംഗ്ലണ്ട് ടീം പ്രത്യേക യോഗം ചേര്‍ന്നതായി റിപ്പോർട്ട്. ഇംഗ്ലീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ടസാണ് ഇക്കാര്യം പുറത്തുവിട്ടത്. യോഗത്തില്‍ ജോസ് ബട്‌ലര്‍ക്കും ബെന്‍ സ്റ്റോക്‌സിനും പുറമെ പരിശീലകന്‍ മാത്യൂ മോട്ട് അടക്കമുളള കോച്ചിംഗ് സ്റ്റാഫും പങ്കെടുത്തു.
‘ഞങ്ങള്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹം വിസ്‌മയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍, സൂര്യയെ നേരിടാന്‍ ഞങ്ങള്‍ക്ക് പദ്ധതികളുണ്ട്. അത് വിജയിക്കും എന്നാണ് പ്രതീക്ഷ. സൂര്യകുമാറിന്‍റെ ബാറ്റിംഗ് കാണാന്‍ ആനന്ദകരമാണ്. എന്നാല്‍, അദേഹത്തെ വീഴ്‌ത്താന്‍ ഒരു പന്ത് വേണം. അതിനായി ഏത് വിധേനയും ശ്രമം നടത്തും’ ജോസ് ബട്‌ലര്‍ പറഞ്ഞു.
നേരത്തെ, ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി മുൻ നായകൻ നാസര്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവിനെ ഭയക്കണം എന്നാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ പറയുന്നത്. ലെഫ്റ്റ്-ആം സ്‌പിന്നര്‍മാര്‍ക്കെതിരായ പ്രകടനം മാത്രമാണ് സൂര്യയ്ക്ക് മോശമെന്നും പോരായ്‌മ കണ്ടെത്തി താരത്തെ വീഴ്ത്തണമെന്നും മുൻ നായകൻ പറയുന്നു.
നിലവിലെ ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാമതാണ് സൂര്യകുമാര്‍ യാദവ്. 2021ല്‍ മാത്രം അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ടാണ് ഏറ്റവും മികച്ച പുരുഷ ടി20 ബാറ്റ്സ്മാനായത്. ഒരു കലണ്ടര്‍ വര്‍ഷം 1000 ടി20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തി 2022ല്‍ സൂര്യ.
ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ താരം 225 റണ്‍സ് നേടിക്കഴിഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കഴിഞ്ഞ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ 25 പന്തില്‍ പുറത്താകാതെ 61 റണ്‍സ് നേടിയ സൂര്യയെ പ്രശംസിച്ച് മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.
Post Your Comments