കൊല്ലം: കൊല്ലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു. നെടുമ്പന പള്ളിമൺ സ്വദേശിയായ ശ്രീഹരിയാണ് (22) മരിച്ചത്. ശ്രീഹരിയുടെ ഭാര്യ അശ്വതി (18) മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യാസന്നനിലയിലായിരുന്ന യുവതി ഇത് തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം 13 നായിരുന്നു ശ്രീഹരിയും അശ്വതിയും വിവാഹിതരായത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ, ഇവരുടെ ബന്ധത്തിന് വീട്ടുകാർ എതിരായിരുന്നു. പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കൾ വിവാഹത്തോട് സഹകരിച്ചു. ഇതേത്തുടർന്ന് വിവാഹിതരായ ഇവർ ശ്രീഹരിയുടെ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്.
Also Read:വാക്സിൻ ചലഞ്ച്: സർക്കാറിന് തിരിച്ചടി, പിരിച്ച പണം തിരിച്ച് കൊടുക്കണമെന്ന് ഹൈക്കോടതി
എന്നാൽ, വിവാഹം കഴിഞ്ഞതോടെ ശ്രീഹരിയും അശ്വതിയും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പല തവണ ഇവർ തമ്മിൽ വഴക്കുണ്ടായി. രൂക്ഷമായ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് അശ്വതി അമിതമായ അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇതുകണ്ട് ഭയന്ന ശ്രീഹരി തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീഹരി ഇന്ന് രാവിലെ മരണപ്പെട്ടു.
സമീപകാലങ്ങളിലെ സ്ത്രീധന പീഡന ആത്മഹത്യകളിൽ ഭർത്താക്കന്മാർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ഭയന്നാണ് അശ്വതി ഗുളിക കഴിച്ചപ്പോൾ ശ്രീഹരിയും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments