കോന്നി: വിശ്വസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും, ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ചു. നിയോജക മണ്ഡലത്തെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റാനും, ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും ടൂറിസം രംഗത്തെവിദഗ്ദ്ധരുടെ യോഗത്തിൽ തീരുമാനമായി. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും, ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കിക്കൊണ്ട് പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിത്തീർക്കുന്നത്. വിദേശ ടൂറിസ്റ്റുകളെ വിപുലമായി ആകർഷിക്കത്തക്ക നിലയിൽ കോന്നി ടൂറിസം വില്ലേജിനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന് വിദഗ്ദ്ധസംഘം അഭിപ്രായപ്പെട്ടു. കോന്നിയും, ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാധ്യമാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം.
വിവിധ ഭാഗങ്ങളിൽ ഫുഡ് കോർട്ടുകൾ,റോപ്പ് വേ, ട്രക്കിംഗ്, സൈക്ലിംഗ്, മുളം ചെങ്ങാടങ്ങൾ, അക്വേറിയം, വാക്സ് മ്യൂസിയം, ഐ മാക്സ് തിയറ്റർ, റോക്ക് പാർക്ക്, കുട്ടികളുടെ അഡ്വഞ്ചർ പാർക്ക്, കുതിര സവാരി,ഹട്ട്, റിസോർട്ട്, ഹോം സ്റ്റേ, ക്രാഫ്റ്റ് വില്ലേജ്, ആയുർവേദം, ഓർഗാനിക് ഫാമിംഗ് തുടങ്ങിയവയും സംഘം നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സംയുക്ത പങ്കാളിത്തത്തോടെയുള്ള വികസന നിർദ്ദേശങ്ങളാണ് പ്രധാനമായും ഉയർന്നു വന്നത്. കോന്നിയിൽ നിന്നും ആരംഭിച്ച സംഘത്തിൻ്റെ സന്ദർശനം ഗവിയിലാണ് അവസാനിച്ചത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കും വരെ സംഘത്തിൻ്റെ പ്രവർത്തനം തുടരുമെന്ന് കോന്നി എംഎൽഎ ജിനീഷ് കുമാർ വ്യക്തമാക്കി.
Post Your Comments