പഴയങ്ങാടി: കേരളത്തിന്റെ നന്മയും ഒത്തൊരുമയാണ് കുറച്ചു ദിവസങ്ങളായി എല്ലാ വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ജനിതക വൈകല്യ രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വ രോഗബാധിതനായ മാട്ടൂലിലെ ഒന്നര വയസ്സുകാരന് മുഹമ്മദിനാവശ്യമായ യു.എസ് നിര്‍മിത സോള്‍ജന്‍സ്മ മരുന്നിന് വേണ്ട 18 കോടി രൂപ കേരളം സ്വരൂപിച്ചത് ദിവസങ്ങൾ കൊണ്ടാണ്.
Also Read:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
മുഹമ്മദിന്റെ സഹോദരി അഫ്രയുടെയും രോഗം ഇത് തന്നെയായിരുന്നു. ചികിത്സക്കായി ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും തളര്‍ന്നുപോയിരുന്നു ആ നിർധന കുടുംബം. പരസഹായമില്ലാതെ അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും അഫ്ര. രണ്ടു വയസ്സു പൂര്ത്തിയാകുന്നതിനുമുൻപേ മരുന്ന് നല്കിയാല് മുഹമ്മദ് രക്ഷപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് ചികിത്സയ്ക്ക് വേണ്ട പണം സ്വരൂപിക്കാൻ കുടുംബം തയ്യാറാകുന്നത്.
ഫണ്ട് സ്വരൂപിക്കാനിറങ്ങുമ്പോൾ ഈ ഭീമമായ തുക ലഭിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കുമോ എന്ന ആശങ്കയിലായിരുന്നു സംഘാടകർ. എന്നാൽ ആറാം ദിവസം ചികിത്സാ നിധിയിലേക്ക് 18 കോടി രൂപയും കവിഞ്ഞ് തുകയെത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയായിരുന്നു. വലിയ തുകകളായല്ല, ജനം നെഞ്ചേറ്റിയപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ചെറിയ തുകകളാണ് കൂടുതല്‍ നിധിയിലെത്തിയത്. 10നും 10,000 രൂപക്കുമുള്ളിലാണ് എല്ലാ തുകയും വന്നു ചേര്‍ന്നത്. മുഹമ്മദിന്റെ ചികിത്സ കഴിഞ്ഞ് മിച്ചം വരുന്ന തുക അഫ്രയുടെ ചികിത്സക്കും മറ്റുമായി ഉപയോഗിക്കുമെന്ന് ഇപ്പോൾ സംഘടകർ അറിയിച്ചിട്ടുണ്ട്. മലയാളികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടിരിക്കുകയാണ് ആ കുടുംബം ഒന്നടങ്കം.
Post Your Comments