
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങിൽ ആണ് പിടിയിലായത്. ഇയാളിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ഷെഡ്യൂൾ എച്ച് പ്രിസ്ക്രിപ്ഷൻ ഡ്രഗ് ആയ 25.7 ഗ്രാം ട്രമഡോൾ ഗുളികകളുമായാണ് ബിനോയ് ഗുരുങ്ങിൽ പിടിയിലായത്. ബെംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവെയാണ് പ്രതി പിടിയിലാകുന്നത്.
അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സംശയം തോന്നി ബിനോയിയെ പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരി ഗുളികകൾ കണ്ടെടുത്തത്. യുവാവിന്റെ ഷൂസിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തിരുവനന്തപുരം കരിക്കകത്തെ ഒരു സലൂണിലെ തൊഴിലാളിയാണ് ബിനോയ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പ്രവീൺ.സി.വി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജസ്റ്റിൻ രാജ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രാജേഷ്.ആർ.എസ്, സിവിൽ എക്സൈസ് ഓഫീസർ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.
Post Your Comments