കോഴിക്കോട്: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പ് കോഴിക്കോട് ജില്ലയിലും വ്യാപകം. നിരവധി കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ ഇല്ലാതാക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ജനുവരി മുതല്‍ ആറുമാസത്തില്‍ 1573 കോവിഡ് മരണം രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം കണക്കാക്കിയാല്‍ ഇനിയും കൂടും. എന്നാൽ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഇതുവരെ ജില്ലയില്‍ 1296 പേര് മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്.
Also Read:മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോൾ ഷെയർ ചെയ്തു : ഉദ്യോഗസ്ഥന്റെ വേതനവര്‍ധനവ് തടഞ്ഞു
വലിയ അനാസ്ഥയാണ് കോഴിക്കോട് ജില്ലയിൽ കോവിഡ് മരണങ്ങളുടെ പേരിൽ നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ആറു മാസത്തെ മെഡിക്കല്‍ കോളജിലെ കണക്കിനേക്കാള്‍ കുറവാണ് ഒന്നര വര്‍ഷത്തെ ആരോഗ്യ വകുപ്പിന്റെ ആകെ കണക്കെന്ന് ചുരുക്കം. മരണ നിരക്ക് കുറച്ച് കാണിക്കുന്നതിനായി അധികൃതര്‍ നടത്തിയ കളിയാണ് മരണങ്ങള് പട്ടികയില്‍ ഉള്പ്പെടാതായതിന് വഴിവെച്ചതെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. മറ്റുജില്ലകളിലും സ്ഥിതി മറിച്ചല്ല. എല്ലായിടത്തും കോവിഡ് മരണങ്ങൾ കുറച്ചു തന്നെയാണ് സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ പത്ത് ദിവസം മെഡിക്കല്‍ കോളജില്‍ മാത്രം 71 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഇത് 104 ആണ്. മെഡിക്കല്‍ കോളജില്‍ ജൂണ്‍ 21ന് 14 പേരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ കണക്കില്‍ 11 പേർ മാത്രമാണുള്ളത്. 22ന് പത്ത് മരണം മെഡിക്കല്‍ കോളജില്‍ രേഖപ്പെടുത്തിയപ്പോള്‍ ഔദ്യോഗിക കണക്കില്‍ എട്ടെണ്ണം മാത്രമാണുള്ളത്. ആരോഗ്യ വകുപ്പില്‍ രേഖപ്പെടുത്തുന്ന മരണങ്ങള് ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി നടന്നതാണ് എന്നിരിക്കെ ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് കോവിഡ് ബാധിച്ചു മരിച്ച ഇനിയും നിരവധി പേര് ആരോഗ്യ വകുപ്പിെന്റ പട്ടികയില്‍ ഉള്പ്പെടാനുണ്ടെന്നതാണ്.
കൃത്യമായ മനുഷ്യാവകാശലംഘനമാണ് കേരളത്തിലും അരങ്ങേറുന്നത്. അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചെടുക്കുകയാണ്. കേന്ദ്രം അനുവദിച്ച സഹായങ്ങൾ പോലും ലഭിക്കാതെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കഴിയുകയാണ്. കോഴിക്കോട് ജില്ലയിലെ മാത്രം കണക്കുകളിൽ ഇത്രത്തോളം വലിയ ക്രമക്കേടുണ്ടെങ്കിൽ കേരളത്തിലെ മുഴുവൻ മരണ പട്ടികയിൽ ഇനിയും വലിയ കണക്കുകൾ പുറത്തുവരാനുണ്ട്.
Post Your Comments