തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു. 1544 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആർ 10 കടന്നിരിക്കുകയാണ്. 11.39 ആണ് ഇന്നത്തെ ടി.പി.ആർ നാല് ദിവസത്തിനുള്ളിൽ 43 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഒരാഴ്ചയ്ക്കിടെയുണ്ടായ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ അഞ്ച് സംസ്ഥാനങ്ങളോട് മുൻകരുതൽ നടപടി സ്വീകരിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. 84 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4000 കടന്നിരുന്നു. 26 പേരാണ് മരണപ്പെട്ടത്. കേരളം, തമിഴ്നാട്, തെലുങ്കാന, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ വർദ്ധിക്കുന്നതെന്നും കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ കത്തയച്ചിരുന്നു. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
Post Your Comments