പത്തനംതിട്ട: പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. കേരളത്തിലേക്ക് ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായതോടെയാണ് തട്ടിപ്പ് പുറത്തായത്. വര്‍ഷങ്ങളായി ഈ തട്ടിപ്പു തുടരുകയാണെന്നാണ് എക്‌സൈസ് സംഘത്തിനു ലഭിച്ച വിവരം. വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേർത്താണ് ഇവർ വിറ്റിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലാണ് ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നത്. മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് ഇവർ നൽകിയിരുന്നു. എന്നാൽ ഇവർ കൊണ്ടുവരുന്ന ടാങ്കറുകളിൽ സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
കമ്പനിയിലെ ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നത ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെയോടെ പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. മധ്യപ്രദേശില്‍ നിന്നെത്തിച്ച രണ്ടു ടാങ്കറുകളിലെ 20,000 ലിറ്റര്‍ സ്പിരിറ്റാണ് കാണാതായത്. ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിച്ച് വിറ്റത്. ലിറ്ററിന് 50 രൂപ എന്ന നിരക്കില്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്പിരിറ്റ് വിറ്റതായാണ് വിവരം. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയില്‍ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തില്‍ വാഹനങ്ങള്‍ എത്തുന്നതിന് മുൻപ് തന്നെ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. മുന്‍പ് ഇതിനു പകരം വെള്ളം ചേര്‍ത്തെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അറസ്റ്റ് ചെയ്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Post Your Comments