കോഴിക്കോട്: ഭാര്യയേയും മകനെയും ഇസ്ളാം മതവിശ്വാസികളായ അയൽക്കാർ ബലം പ്രയോഗിച്ച് മതം മാറ്റിയെന്ന സി പി എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പി ടി ഗില്‍ബർട്ടിന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്. സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതെന്നും, ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വ്യക്തമാക്കി. പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ നൽകിയ മൊഴിയിലാണ് മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് യുവതി വെളിപ്പെടുത്തിയത്. പരാതിക്കാരനായ ഗില്‍ബര്‍ട്ട് യുവതിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും, ഇയാള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഭാര്യ ഷൈനി, പതിമൂന്നുകാരനായ മകന്‍ എന്നിവരെ ഇസ്ളാം വിശ്വാസികളായ അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സഭയിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു യുവാവിന്റെ ആരോപണം. ടാക്സി ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അയല്‍ക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവര്‍ ചേര്‍ന്നാണ് ഭാര്യയെയും മകളെയും കടത്തിയത് എന്നാണ് ഇയാൾ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
ഇസ്ളാം മതം സ്വീകരിച്ചാല്‍ സ്വന്തമായി വീടും 25 ലക്ഷം രൂപയും നല്‍കാമെന്ന ഇവരുടെ വാഗ്ദാനം താന്‍ നിഷേധിച്ചിരുന്നു. ജൂണ്‍ ഒമ്പതിന് താന്‍ ജോലിക്കു പോയപ്പോള്‍ ഇവര്‍ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. മതപരിവര്‍ത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്. ഇതില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്നും യുവാവിന്റെ പരാതിയിലുണ്ട്.
Post Your Comments