തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനിടയിൽ ജോസഫൈന് നേരെ ഉയർന്ന പഴയ വധഭീഷണി സന്ദേശവും ചർച്ചയാകുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ വധഭീഷണിയും വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് തപാലിലൂടെ മനുഷ്യ വിസര്‍ജ്യവും അയച്ച സംഭവത്തിൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ പ്രതികരിച്ചിരുന്നു. എന്നാൽ, കെ.കെ ശൈലജയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കുകയാണ് ട്രോളർമാർ.
2017 ലായിരുന്നു സംഭവം. സംസ്ഥാനത്ത് വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ വനിതാ കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അന്ന് ആരോഗ്യമന്ത്രി കുറിച്ചിരുന്നു. വനിതാ കമ്മീഷന്റെ കൃത്യമായ ഇടപെടലിലും പ്രവര്‍ത്തനങ്ങളിലും അസംതൃപ്തരാകുന്നുവരാണ് ഇത്തരം ഭീഷണികള്‍ മുഴക്കുന്നതെന്നായിരുന്നു മുൻമന്ത്രി കുറിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസഫൈനെതിരെ അന്നത്തെ വധഭീഷണിയെയും ‘ഗിഫ്റ്റി’നെയും പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. വനിതാ കമ്മീഷൻ അധ്യക്ഷ ചെയ്യുന്ന കാര്യങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. വനിതാ കമ്മീഷൻ സ്വന്തം പേരിനോട് എന്തെങ്കിലും ഒരു തരി നീതി പുലർത്തുന്നുണ്ടെങ്കിൽ, ഇവരെ ആ സ്ഥാനത്തുനിന്ന് മാറ്റി മാതൃക ആവണമെന്നാണ് ശൈലജ ടീച്ചറുടെ പോസ്റ്റിനു താഴെ ഉയരുന്ന ആവശ്യം.
കഴിഞ്ഞ ദിവസമാണ് ജോസഫൈൻ പരാതിക്കാരിയോട് മോശമായി പെരുമാറിയത്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി കമ്മീഷൻ അധ്യക്ഷ രംഗത്ത് വന്നിരുന്നു. അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥയോടെയാണെന്നായിരുന്നു ജോസഫൈന്റെ മറുപടി. തികഞ്ഞ ആത്മാര്‍ഥയോടെയും സത്യസന്ധതയോടെയുമാണ് താനത് പറഞ്ഞതെന്നും ജോസഫൈന്‍ പറഞ്ഞു. ഓരോ ദിവസവും നിവധി സ്ത്രീകളാണ് തങ്ങളെ വിളിക്കുന്നതെന്നും അതിനാല്‍ ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് തങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments