Latest NewsKeralaNews

ഹാൻഡ്ബോൾ പരിശീലകനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി വനിതാ താരത്തിന്റെ പരാതി

തിരുവനന്തപുരം: ഹാൻഡ്ബോൾ പരിശീലകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ താരം. സംസ്ഥാന സ്പോർട്സ് കൗൺസിലിൽനിന്ന് അടുത്തിടെ വിരമിച്ച ഹാൻഡ് ബോൾ പരിശീലകനെതിരെയാണ് വനിതാ ഹാൻഡ് ബോൾ താരം പരാതി നല്‍കിയത്. മത്സരത്തിനായി കൊച്ചിയിൽ പോയ സമയത്ത് ഹോട്ടലിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ഇത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് താരത്തിന്റെ ആരോപണം. സംഭവത്തിൽ സ്പോർട്സ് കൗൺസിലിലും വനിതാ കമ്മീഷനിലും പോലീസിന്റെ വുമൺസെല്ലിലും പരാതി നൽകിയതായി വനിതാ താരം പറഞ്ഞു.

കഴിഞ്ഞവർഷം ഏപ്രിലില്‍ കൊച്ചിയിൽ ഒരു മത്സരത്തിനായി എത്തിയ വേളയിൽ ഹോട്ടൽമുറിയിൽവെച്ച് പരിശീലകൻ ഉപദ്രവിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

സംഭവം പുറത്ത്‌ പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും ഹോട്ടലിൽ നടന്ന സംഭവം താൻ ചിലരോട് വെളിപ്പെടുത്തിയെന്ന് മനസിലായതോടെ പരിശീലകൻ പിന്നീട് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

പിന്നീട് മറ്റുചില വനിതാ താരങ്ങളോട് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെ അവരിൽ പലർക്കും സമാനരീതിയിൽ ഉപദ്രവം നേരിട്ടുണ്ടെന്ന് മനസിലായി. ഇതോടെയാണ് പരിശീലകനെതിരേ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഇപ്പോൾ ടീമിന്റെ ഭാഗമല്ലാത്തതിനാലാണ് വീണ്ടും തിരുവനന്തപുരത്ത് എത്തി താൻ ടീമിന്റെ ഭാഗമായതെന്നും പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞമാസം സ്പോർട്സ് കൗൺസിലിനാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് വനിതാ കമ്മീഷനിലും പോലീസിന്റെ വുമൺസെല്ലിലും പരാതി നൽകി. കഴിഞ്ഞദിവസം വുമൺസെല്ലിൽ മൊഴി രേഖപ്പെടുത്തി. ആരോപണവിധേയനായ പരിശീലകനും സഹോദരനും സ്വാധീനമുള്ളതിനാലും ഗുണ്ടാസംഘങ്ങളുമായി അടക്കം ബന്ധമുള്ളതിനാലും തനിക്ക് ഭയമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു പരിശീലകന്റെ പ്രതികരണം. ഹാൻഡ് ബോൾ അസോസിയേഷനിലെ ഭാരവാഹിത്വത്തിൽനിന്ന് തന്നെ പുറത്താക്കാനായി ചിലർ നടത്തുന്ന നീക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും സംഭവത്തിൽ വുമൺസെല്ലിന് മൊഴി നൽകിയിട്ടുണ്ടെന്നും പരിശീലകൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button