![](/wp-content/uploads/2022/04/balan.jpg)
കഴിഞ്ഞ ദിവസം അന്തരിച്ച മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെക്കുറിച്ചു ഹൃദയ സ്പർശിയായ കുറിപ്പുമായി മുൻ മന്ത്രി എകെ ബാലൻ. സിപിഐ എം 23-ാം പാർടി കോൺഗ്രസിൻ്റെ ഉദ്ഘാടന ദിവസം ജോസഫൈൻ മൂഡ് ഓഫ് ആയിട്ടാണ് കാണപ്പെട്ടതെന്നു എകെ ബാലൻ പറയുന്നു. ഏപ്രിൽ ആറിന് താനെടുത്ത ഫോട്ടോ പങ്കുവച്ചാണ് ബാലന്റെ കുറിപ്പ്
കുറിപ്പ് പൂർണ്ണ രൂപം
ഏപ്രിൽ ആറിന് ഞാനെടുത്ത ഫോട്ടോയാണിത്. സിപിഐ എം 23-ാം പാർടി കോൺഗ്രസിൻ്റെ ഉദ്ഘാടന ദിവസം വൈകിട്ട് എടുത്തത്. രാവിലെ കണ്ടപ്പോൾ ജോസഫൈൻ മൂഡ് ഓഫ് ആയിട്ടാണ് കാണപ്പെട്ടത്. വൈകിട്ട് ഫോട്ടോയ്ക്ക് ചിരിച്ചു കൊണ്ടു തന്നെ പോസ് ചെയ്തു. ഫോട്ടോ ഞാൻ കാണിച്ചു കൊടുത്തപ്പോൾ വലിയ സന്തോഷമായി. ബാലന് നന്നായി ഫോട്ടോ എടുക്കാൻ അറിയാമല്ലോ എന്ന് അവർ പറയുകയും ചെയ്തു. ആ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റു ചെയ്യുന്നു.
read also: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി സൗദി
കണ്ണൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള ഹോട്ടൽ ഗ്രീൻ പാർക്കിൽ എൻ്റെ ഭാര്യയെയും മകനെയും മരുമകളെയും കാണാൻ ശ്രീമതി ടീച്ചർ വന്നപ്പോൾ, ഞാൻ ജോസഫൈൻ്റെ മനോഹരമായ ഒരു ഫോട്ടോ എടുത്തുവെന്ന കാര്യം പറഞ്ഞു. പതിവിന് വിപരീതമായി ജോസഫൈൻ ചിരിക്കുന്ന ഫോട്ടോയാണ് എടുത്തതെന്ന് പറഞ്ഞു. ശ്രീമതി ടീച്ചറുടെ ഒരു ഫോട്ടോയും ഞാൻ എടുത്തിരുന്നു.
അടുത്ത കാലത്താണ് മൊബൈൽ ഫോൺ കൊണ്ട് ഫോട്ടോ എടുക്കാൻ പഠിച്ചത്. ഈ ഫോട്ടോ ഞാൻ കെ കെ ശൈലജ ടീച്ചർക്കും അയച്ചുകൊടുത്തിരുന്നു. ഏഴാം തീയതി ജോസഫൈനെ കണ്ടപ്പോഴും എന്തോ അസ്വസ്ഥതയുള്ളതുപോലെ തോന്നി. ഞാൻ അത് ചോദിക്കുകയും ചെയ്തു. വീഴ്ചയെ തുടർന്നുള്ള ബുദ്ധിമുട്ടുകളാണെന്ന് അവർ പറഞ്ഞു. അവരെ എപ്പോഴും സഹായിക്കാൻ ഒരു റെഡ് വളണ്ടിയറെ ചുമതലപ്പെടുത്തിയിരുന്നു. പാർടി കോൺഗ്രസിൽ ഞാനും എളമരം കരീമും ഇരുന്നതിൻ്റെ തൊട്ടു പിന്നിലാണ് ജോസഫൈനും ശൈലജ ടീച്ചറും ഇരുന്നത്.
ഏപ്രിൽ ഒൻപതിന് വൈകിട്ടാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീമതി ടീച്ചറാണ് വിവരം എന്നോട് പറഞ്ഞത്. എ കെ ജി ആശുപത്രിയിലാണുള്ളതെന്നും സ്ഥിതി അൽപം ഗുരുതരമാണെന്നും പറഞ്ഞു. പക്ഷേ അവർ വിടപറയുമെന്ന് കരുതിയില്ല. ഏപ്രിൽ പത്തിന് ആ ദുഃഖ വാർത്ത പാർടി കോൺഗ്രസ് പ്രതിനിധികളെ പ്രസീഡിയം അറിയിച്ചു.
സ്വന്തം കാര്യങ്ങൾക്ക് ആരോടും പരാതിയും പരിഭവവും പറയുന്ന സ്വഭാവം ജോസഫൈന് ഇല്ല. എന്നാൽ രാഷ്ട്രീയ കാര്യങ്ങളിൽ ശക്തമായ നിലപാടുമുണ്ട്. സ. പിണറായി വിജയൻ നയിച്ച കേരള ജാഥയിൽ ജോസഫൈൻ അംഗമായിരുന്നു. ഞാനായിരുന്നു ജാഥാ മാനേജർ. ജോസഫൈൻ്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് ബാധിച്ചതിനു ശേഷം അവർ വല്ലാതെ ക്ഷീണിച്ചിരുന്നു. അവരെ മാനസികമായി വിഷമിപ്പിച്ച ചില കാര്യങ്ങളെക്കുറിച്ച് എന്നോട് തുറന്നു പറഞ്ഞിരുന്നു. വനിതാ കമീഷൻ അധ്യക്ഷയെന്ന നിലയിൽ അവർ പറഞ്ഞ കാര്യത്തിന് ഉദ്ദേശിക്കാത്ത മാനങ്ങൾ നൽകി മാധ്യമങ്ങൾ അവരെ ദിവസങ്ങളോളം വേട്ടയാടി. ശക്തമായ നിലപാടെടുത്ത വനിതാ കമീഷൻ അധ്യക്ഷയായിരുന്നു അവർ.
ഭൗതികവാദിയായി മാറിയ ഒരാളായിരുന്നു ജോസഫൈൻ. താൻ ദൈവ വിശ്വാസിയല്ലെന്ന് പൊതുസമൂഹത്തോട് അവർ തുറന്നു പറഞ്ഞു. ആശയ രംഗത്ത് നമ്മുടെ ഇടപെടൽ പോരാ എന്നായിരുന്നു ജോസഫൈൻ പറഞ്ഞത്. നമ്മുടെ ആശയങ്ങൾ നല്ല രൂപത്തിൽ പ്രചരിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ആത്മീയത ശക്തിപ്പെടുന്നുവെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പുതിയ തലമുറയിൽ യുക്തിചിന്ത വളരുന്നില്ല. പകരം തിരിച്ചുപോക്കാണ് നടക്കുന്നത്. ബി ജെ പി ഇക്കാര്യത്തിൽ ശക്തിയായി മുതലെടുപ്പ് നടത്തുന്നു. ആശയ-സാംസ്കാരിക രംഗത്ത് ഇടപെടൽ പോരെന്ന് ശക്തമായി പറഞ്ഞിരുന്നു. ജോസഫൈനെ വേണ്ടത്ര രൂപത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.
ജോസഫൈൻ്റെ മൃതദേഹം ഒന്ന് കാണാൻ വേണ്ടി ഞായറാഴ്ച വൈകിട്ട് ഭാര്യ ഡോ. പി.കെ. ജമീലയെയും മകനെയും കൂട്ടി ഞാൻ പോയിരുന്നു. വൈകിട്ട് അഞ്ചിന് കൊണ്ടു പോകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നാലിനു തന്നെ ആംബുലൻസിലേക്കെടുത്തു. ഞങ്ങൾ ആംബുലൻസിൽ കയറിയാണ് കണ്ടത്. കാണാൻ കഴിഞ്ഞതിൽ എനിക്ക് വളരെ ആശ്വാസം തോന്നി.
അവരുടെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കണമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഭർത്താവിൻ്റെ മൃതദേഹവും മെഡിക്കൽ കോളേജിനാണ് വിട്ടുകൊടുത്തത്. ഇതൊക്കെ പുതിയ തലമുറ മനസ്സിലാക്കണം. പാർടി കോൺഗ്രസിൽ പങ്കെടുക്കവേയാണ് അവർ മരിച്ചത്. തികച്ചും അസാധാരണമായ സംഭവമാണിത്. ജോസഫൈൻ്റെ ഓർമകൾക്കു മുന്നിൽ ഒരു പിടി ചുവന്ന പൂക്കൾ.
Post Your Comments