പാലക്കാട്: ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ തീർച്ചയായും വില കുറയുമെന്നും പരമാവധി സ്ലാബ് ആയ 28% ടാക്സ് വന്നാലും ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് ലഭിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പുതിയതായി 50% ജി.എസ്.ടി സ്ലാബ് പ്രത്യേകമായി കൊണ്ടുവന്നാലും 60 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയത് ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം തയ്യാറല്ലെന്നാണെന്നും, അധികമായി ലഭിക്കുന്ന വരുമാനം ഇല്ലാതാക്കാൻ സംസ്ഥാനത്തിന് താല്പര്യമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പെട്രോൾ വിലവർധനയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില കുറയുമ്പോൾ പെട്രോളിയം കമ്പനികൾ ആനുപാതികമായ വിലക്കുറവ് പെട്രോളിന്റെ അടിസ്ഥാന വിലയിലും വരുത്താറുണ്ട്. എന്നാൽ ഉടനടി കേന്ദ്രം കേന്ദ്രനികുതിയുടെ ഭാഗമായ സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ വർദ്ധിപ്പിക്കും. അതുകൊണ്ട് വിലക്കുറവിന്റെ ആനുകൂല്യം പൊതുജനത്തിന് ലഭിക്കില്ല.
പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ തീർച്ചയായും വില കുറയും. പരമാവധി സ്ലാബ് ആയ 28% ടാക്സ് വന്നാലും ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് ലഭിക്കും. ഇനി പുതുതായി 50% ജിഎസ്ടി സ്ലാബ് പ്രത്യേകമായി കൊണ്ടുവന്നാലും ലിറ്ററിന് 60 രൂപയേ വരൂ. എന്നാൽ നമ്മുടെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയത് ഇതിന് സംസ്ഥാനം തയ്യാറല്ലെന്നാണ്. അധികമായി ലഭിക്കുന്ന വരുമാനം ഇല്ലാതാക്കാൻ സംസ്ഥാനത്തിന് താല്പര്യമില്ല.
നിലവിൽ നാം ഒരു ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ കേന്ദ്രത്തിന് ഏതാണ്ട് 33 രൂപയും കേരളത്തിന് ഏതാണ്ട് 23 രൂപയുമാണ് നികുതിയിനത്തിൽ കിട്ടുന്നത്. ഇത് കുറയ്ക്കാൻ ഇരുകൂട്ടരും തയ്യാറാകുന്നില്ല. കേന്ദ്രനികുതിയുടെ 42% സംസ്ഥാനങ്ങൾക്ക് കിട്ടുമെന്ന വാദം തെറ്റാണ്. കേന്ദ്രനികുതിയിൽ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ, റോഡ്-അഗ്രി സെസ്സ് എന്നിങ്ങനെ ഘടകങ്ങൾ ഉണ്ട്. ഇവയിൽ അടിസ്ഥാന എക്സൈസ് തീരുവയുടെ 41% മാത്രമാണ് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായി പങ്കിടുന്നത്. അടിസ്ഥാന എക്സൈസ് തീരുവയിനത്തിൽ കേന്ദ്രത്തിനു കിട്ടുന്നത് ഒരു ലിറ്ററിന് ഏതാണ്ട് 1.50 രൂപ മാത്രവും.
Post Your Comments