കൊല്ലം: പെൺകുട്ടിയെ സഹായിച്ചതിന് കിട്ടിയത് പീഡനരോപണവും, പോസ്കോ കേസും. ചവറ തെങ്ങുവേലിയില്‍ അഖില്‍രാജിനെതിരെയാണ് പ്രചാരണം നടക്കുന്നത്. അഖില്‍രാജും ചവറ തെക്കുംഭാഗം സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ലോക്ക്ഡൗണ്‍ സമയത്ത് കരുവാറ്റയിലെ കുടുംബ വീട്ടിലേക്ക് പോയപ്പോഴാണ്, കൊവിഡ് ആശ്വാസമായി ആര്‍.പി ഗ്രൂപ്പ് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന കാര്യം അറിഞ്ഞത്. ഇതുപ്രകാരം ചവറയിലെ എം.എല്‍.എ ഓഫീസില്‍ പോയി അപേക്ഷ നല്‍കാന്‍ അമ്മ, പെണ്‍കുട്ടിയെ ചുമതലപ്പെടുത്തി. ഇതിനായി ഒപ്പം ചെല്ലാന്‍ പെണ്‍കുട്ടി അഖിലിന്റെ സഹായം തേടി. അങ്ങനെ ഈമാസം 17ന് ഉച്ചയോടെ അവർ എം.എല്‍.എ ഓഫീസില്‍ എത്തി.
അപേക്ഷ നല്‍കി കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ അഖിലിനെ വിളിച്ചു. പെണ്‍കുട്ടിയും അമ്മയും ആവശ്യപ്പെട്ട പ്രകാരം പെണ്‍കുട്ടിയെ എറണാകുളത്തെ അമ്മയുടെ കുടുംബവീട്ടില്‍ എത്തിക്കാമെന്ന് അഖില്‍ സമ്മതിച്ചു. പുറപ്പെട്ട വിവരം പെണ്‍കുട്ടി അമ്മയെ ഫോണ്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ വഴിതെറ്റിയതോടെ വീട്ടില്‍ എത്താന്‍ വൈകി. ഇതിനിടയില്‍ മകളെ കാണാതായതോടെ പെണ്‍കുട്ടിയുടെ അമ്മ തെക്കുംഭാഗത്തെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ തെക്കുംഭാഗം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും യുവാവും ബൈക്കില്‍ സഞ്ചരിക്കുകയാണെന്ന് സ്ഥിരീകരിച്ചു.
തെക്കുംഭാഗം പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൈബര്‍സെല്‍ പൊലീസ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഇടപ്പള്ളിയില്‍ വച്ച് കസ്റ്റഡിയിലെടുത്തു. താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് യുവാവ് അമ്മയുടെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകുന്നതെന്നും, വഴി തെറ്റിയതിനാലാണ് വൈകിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. അതുകൊണ്ട് പോസ്കോ ആക്‌ട് പ്രകാരം തട്ടിക്കൊണ്ടുപോകല്‍ ചുമത്തി അഖിലിനെതിരെ കേസെടുത്തു. പക്ഷെ ഇപ്പോൾ പ്രചരിക്കുന്ന കഥകളും യഥാർത്ഥ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഖിൽ രാജും ബന്ധുക്കളും പറയുന്നത്.
Post Your Comments