Latest NewsKeralaNews

ആര്‍.എസ്.എസ് ബന്ധത്തില്‍ ജാഗ്രത വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ഇത്തരം വര്‍ഗീയ ക്രിമിനലുകള്‍ക്കെതിരെ അന്വേഷണം ഉണ്ടാകാത്തത് മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ ബാന്ധവം ആണ് വെളിപ്പെടുത്തുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസിനോട് കൂട്ട് പിടിച്ച് തലശ്ശേരി കലാപത്തില്‍ പങ്കുവഹിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ്. കാലപത്തില്‍ പിണറായി വിജയന്റെ പങ്ക് കണ്ടെത്തി ജനങ്ങള്‍ക്കിടയില്‍ ജാഗ്രത പാലിക്കാന്‍ സി.പി.ഐ നോട്ടീസ് അടിച്ചിറക്കിയിരുന്നുവെന്നും കൊടികുന്നില്‍ ആരോപിച്ചു. തലശ്ശേരി കലാപത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് കൊടികുന്നില്‍ സുരേഷ് തന്റെ ഫേസ്ബൂക്ക് കുറിപ്പിലൂടെ പ്രതികരണം വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിന്റെ മതേതര ഐക്യം തകര്‍ക്കാന്‍ ആര്‍.എസ്‌.എസുമായി സംയുക്തമായി സി.പി.എം നടത്തിയ തലശ്ശേരി കലാപത്തിന്റെ അന്‍പതാം വാര്‍ഷികമാണിത്. ഗുജറാത്ത് മോഡലില്‍ ഏകപക്ഷീയമായി മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ വംശഹത്യയെ കലാപം എന്ന് വിളിക്കുന്നതില്‍ പോലും ചരിത്രപരമായ അനീതി ഉണ്ട്. മുസ്ലിം ലീഗ് ഭരണത്തില്‍ ഇരിക്കുമ്പോള്‍ ലീഗിനോടുള്ള പ്രതികാരം ആയിട്ടാണ് അസംഖ്യം സാധാരണ മുസ്ലിം ഭവനങ്ങള്‍ കൊള്ളയടിക്കാനും, അഗ്‌നിക്കിരയാക്കാനും, ഒരുപാട് മനുഷ്യരുടെ മരണത്തിനും ഇരയാക്കിയ തലശ്ശേരി ‘മുസ്ലിം കൂട്ടക്കൊല’ സംഭവിച്ചത്. സിഎച്ച് ആഭ്യന്തര മന്ത്രിയായതിനെ അങ്ങേയറ്റം വര്‍ഗീയമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിച്ചത്.

ജന്മിത്വത്തിനെതിരേയും, കൊളോണിയല്‍ ഭരണത്തിനെതിരേയും ഏറനാട്ടില്‍ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന മലബാര്‍ കര്‍ഷക സമരത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ആ സ്വാതന്ത്ര്യ സമരത്തോടുള്ള പ്രതികാര നടപടി ആയിട്ടാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ തലശ്ശേരി കലാപത്തെ വിശേഷിപ്പിച്ചത്. പിണറായി വിജയന്‍ അന്നത്തെ കലാപത്തില്‍ പങ്കുവഹിച്ചു എന്ന് കണ്ടെത്തി ജനങ്ങള്‍ക്കിടയില്‍ ജാഗ്രത പാലിക്കാന്‍ നോട്ടീസ് വിതരണം ചെയ്തത് സി.പി.ഐ ആണ്. അവര്‍ അത് ഇന്നും നിഷേധിച്ചിട്ടില്ല.

Read Also: കേരളത്തിൽ വിതരണം നിര്‍ത്തി ആമസോണ്‍

തലശ്ശേരി കലാപം മുതലെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയത് മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ അരിയും മറ്റും കൊള്ളയടിച്ചതില്‍ ഉള്‍പ്പെടെ അന്ന് എംഎല്‍എ ആയിരുന്ന പിണറായി വിജയന്റെ പങ്ക് അക്കമിട്ട് വസ്തുതകള്‍ നിരത്തിക്കൊണ്ട് സി.പി.ഐ തന്നെ അന്ന് പുറത്ത് വിട്ടത് ഇന്ന് വിലയേറിയ ചരിത്ര രേഖയാണ്. തിരുവിതാങ്കൂര്‍ മുതല്‍ ഉത്തരമലബാര്‍ വരെയുള്ള മുക്കിലും മൂലകളിലും സി.പി.എം അന്ന് നടത്തിയ വര്‍ഗീയ പ്രചാരണങ്ങളെയും കലാപ ആഹ്വാനങ്ങളെയും വിമര്‍ശിക്കാനുള്ള തന്റേടം അന്ന് സിപിഐ കാണിച്ചിരുന്നു. വിതയത്തില്‍ കമ്മീഷന് മുമ്പാകെ സിപിഐ കൊടുത്ത മൊഴിയിലും അത് വ്യക്തമാണ്.
അതേ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് ന്യൂനപക്ഷങ്ങളെ ഹോളോകോസ്റ്റ് (വംശഹത്യ)ചെയ്യണമെന്ന് പരസ്യമായി സാമൂഹ്യമാധ്യമങ്ങളില്‍ ആഹ്വാനങ്ങള്‍ നടക്കുകയും, ജാതിയും മതവും മാറി പ്രേമിക്കുന്നവരെ കത്തിച്ചു കൊല്ലുന്ന ഉത്തരേന്ത്യന്‍ ദൃശ്യങ്ങളും, സ്വന്തം മാരകായുധ ശേഖരങ്ങളും കേരളത്തില്‍ ഇരുന്നു അഭിമാനത്തോടെ ഷെയര്‍ ചെയ്യുന്ന പ്രതീഷ് വിശ്വനാഥും ഒക്കെ നിയമത്തെ ഭയക്കാതെ മതേതര സമൂഹത്തെ വെല്ലുവിളിക്കുന്നത് എന്നതും നാം ചേര്‍ത്തു വായിക്കേണ്ടതാണ്.

ഇത്തരം വര്‍ഗീയ ക്രിമിനലുകള്‍ക്കെതിരെ അന്വേഷണം ഉണ്ടാകാത്തത് മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ ബാന്ധവം ആണ് വെളിപ്പെടുത്തുന്നത്. മലബാര്‍ കര്‍ഷക സമരത്തിന്റെ നൂറാം വാര്‍ഷികവും തലശ്ശേരി കലാപത്തിന്റെ അന്‍പതാം വര്‍ഷികവുമാണിത്. ആര്‍എസ്എസ് രാജ്യം ഭരിക്കുകയും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പോലീസ് മന്ത്രിയും ആയിരിക്കുന്നു. സാഹോദര്യം തകരാതിരിക്കാന്‍ ഈ കൂട്ടുകെട്ടിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button