ഹൈദരാബാദ്: ലോക്ക് ഡൗൺ പൂർണമായും പിൻവലിക്കാൻ തീരുമാനിച്ച് തെലങ്കാന. കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനം കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് ലോക്ക് ഡൗൺ പൂർണമായും പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തെലങ്കാനയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞുവെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്നാണ് വിവരം. ലോക്ക് ഡൗൺ സമയത്ത് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കാൻ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി. തെലങ്കാനയിൽ ഇതുവരെ 6,10,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3546 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Read Also: ദേശീയ വായനദിനം: കേരളത്തിന്റെ വായന, ദേശീയതലത്തിൽ അംഗീകരിച്ച മോദിജിക്ക് നന്ദി പറഞ്ഞ് എസ്. സുരേഷ്
Post Your Comments