മുംബൈ: യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച യുവാവിന് പണി കിട്ടി. നാഗ്പൂര്‍ സ്വദേശിയായ രാഹുല്‍ പഗാരെ എന്നയാളാണ് യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ചത്. എന്നാല്‍, നിര്‍മ്മിച്ച ബോംബ് നിര്‍വീര്യമാക്കാന്‍ അറിയാതെ വന്നതോടെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
നാഗ്പൂരിലെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന രാഹുലിന് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായിരുന്നു. അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാല്‍ ലോക്ക് ഡൗണില്‍ ഇയാള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. മൂന്ന് സഹോദരിമാര്‍ ഉണ്ടെങ്കിലും ഇവര്‍ എല്ലാവരും വിവാഹതിരായതിനാല്‍ ഭര്‍ത്താക്കന്‍മാരുടെ വീടുകളിലാണ് താമസം. ഈ സാഹചര്യത്തില്‍ വിരസത അനുഭവപ്പെട്ടതോടെയാണ് ബോംബ് നിര്‍മ്മാണം എന്ന ആശയം രാഹുലിന്റെ മനസില്‍ ഉദിച്ചത്.
യൂട്യൂബില്‍ നിരവധി വീഡിയോകള്‍ കണ്ട ശേഷമാണ് യുവാവ് ബോംബ് നിര്‍മ്മാണം ആരംഭിച്ചത്. തുടര്‍ന്ന്, ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ ഇയാള്‍ വിവിധയിടങ്ങളില്‍ നിന്ന് സംഘടിപ്പിച്ചു. അവസാനം ബോംബ് നിര്‍മ്മിച്ചു കഴിഞ്ഞപ്പോള്‍ രാഹുലിന്റെ ധൈര്യം ചോര്‍ന്നു. അബദ്ധത്തില്‍ ബോംബ് പൊട്ടി മരിക്കുമോയെന്നും സ്‌ഫോടന കേസില്‍ പിടിയിലാകുമോയെന്നും യുവാവ് ഭയപ്പെട്ടു. ഇതേ തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കാനുള്ള വീഡിയോ അന്വേഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
നന്ദന്‍വന്‍ പോലീസ് സ്‌റ്റേഷനിലെത്തി പോലീസുകാര്‍ക്ക് ബോംബ് അടങ്ങിയ ബാഗ് രാഹുല്‍ കൈമാറി. വഴിയില്‍ നിന്ന് ലഭിച്ചതാണെന്ന് കള്ളം പറഞ്ഞെങ്കിലും പോലീസിന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സംഭവം തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പോലീസ് ബോംബ് സ്‌ക്വാഡില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രാഹുല്‍ നിര്‍മ്മിച്ച ബോംബിന് സ്‌ഫോടന ശേഷി ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് രാഹുല്‍.
Post Your Comments