മുംബൈ: ബേക്കറിയിലെ പ്രധാന വിഭവം കഞ്ചാവ് ബ്രൗണി. മുംബൈ മലാഡിലാണ് സംഭവം. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് കേക്ക് ഷോപ്പിൽ നിന്നും കഞ്ചാവ് ബ്രൗണി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് എൻസിബി ഉദ്യോഗസ്ഥർ ബേക്കറിയിൽ റെയ്ഡ് നടത്തിയത്.
കഞ്ചാവ് ബ്രൗണിയ്ക്ക് പുറമെ ബേക്കറി ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാനായി ശേഖരിച്ച 830 ഗ്രാം കഞ്ചാവും 35 ഗ്രാം മരിജുവാനയും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ബേക്കറിയിൽ നിന്ന് ഭക്ഷണരൂപത്തിൽ കഞ്ചാവ് പിടികൂടുന്ന രാജ്യത്തെ ആദ്യ സംഭവമാണ് ഇതെന്നാണ് എൻസിബി ഉദ്യോഗസ്ഥർ പറയുന്നത്. എൻസിബിയുടെ സോണൽ യൂണിറ്റിന് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്. 10 പീസ് കഞ്ചാവ് ബ്രൗണിയാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Also: നാട്ടുകാരുടെ പ്രതിഷേധം: കരാറുകാരനെ മാലിന്യത്തില്‍ കുളിപ്പിച്ച് എംഎല്‍എ
പുകയുടെ രൂപത്തിൽ ഉപയോഗിക്കുന്ന കഞ്ചാവിനേക്കാൾ അധികം ലഹരി ഉപയോഗിക്കുന്നവരിൽ എത്തിക്കാൻ കഞ്ചാവ് ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് സാധിക്കുമെന്നാണ് എൻസിബി ഉദ്യോഗസ്ഥർ പറയുന്നത്. വെണ്ണ, എണ്ണ, പാൽ, കൊഴുപ്പ് എന്നീ ഏത് പദാർത്ഥങ്ങളിലും കഞ്ചാവ് കലർത്താനാകും. ബേക്കറി ഭക്ഷണസാധനങ്ങൾ, മിഠായികൾ, ചിപ്‌സുകൾ തുടങ്ങിയ വസ്തുക്കളിലായി കഞ്ചാവ് വിൽപന നടക്കുന്നുവെന്നായിരുന്നു മലാഡിലെ ബേക്കറിയെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചത്.
Post Your Comments