കൊല്ലം: പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് കഞ്ചാവ് ചെടി നട്ട് ‘മാതൃക’യായ യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ച് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് മൂന്ന് യുവാക്കൾ ചേർന്ന് കഞ്ചാവ് ചെടി നട്ട് ഫോട്ടോഷൂട്ട് നടത്തിയത്.
കഞ്ചാവ് നടുന്ന ചിത്രം യുവാക്കൾ സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ എക്സൈസ് കൊല്ലം സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിൽ സംഭവം ശരിയാണെന്ന് കണ്ടെത്തി. ഇതോടെ എക്സൈസ് വകുപ്പ് യുവാക്കൾക്കെതിരെ നടപടി ആരംഭിക്കുകയായിരുന്നു.
60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വളര്‍ച്ചയുള്ള രണ്ട് ചെടികളാണ് ഇവിടെ നിന്ന് എക്സൈസ് കണ്ടെത്തിയത്. മുൻപ് കഞ്ചാവ് കേസില്‍ പിടിയിലായ കണ്ടച്ചിറ സ്വദേശിയുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികള്‍ നട്ടതെന്നാണ് എക്‌സൈസിന്റെ അനുമാനം. ഇവരെ ഉടന്‍ പിടികൂടി അനന്തര നടപടികൾ സ്വീകരിക്കുമെന്ന് അസി.എക്സൈസ് കമ്മിഷണര്‍ ബി. സുരേഷ് പറഞ്ഞു.
മങ്ങാട് ബൈപ്പാസ് പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടതായുള്ള വിവരം ലഭിച്ചെങ്കിലും എക്സൈസ് നടത്തിയ പരിശോധനയില്‍ ഇവ നശിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Post Your Comments