തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യമായി വാക്സിൻ നൽകണമെന്ന ആവശ്യം കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്നതാണെന്നും, ഇതുമൂലം സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ പുതിയ നയം സഹായകമാകുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിക്ക് ഹൃദയപൂർവം നന്ദി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും.
വാക്സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കും. കോവിഡ്-19 മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിൻ്റെ മുൻ നിരയിൽ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറപ്പു നൽകുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നു.
Post Your Comments